തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരായ വിജിലൻസ് അന്വേഷണത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. വി.ഡി സതീശനെ ഒരു ചുക്കും ചെയ്യാൻ പിണറായി സർക്കാറിനാവില്ലെന്ന് മുരളീധരൻ പറഞ്ഞു.
പ്രതിപക്ഷ നേതാവിനെതിരെ ആരെങ്കിലും എന്തെങ്കിലും എഴുതി കൊടുത്താൽ ഉടൻ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കും. ഭരണപക്ഷം കട്ടുമുടിക്കുമ്പോൾ യാതൊരു അന്വേഷണവുമില്ല. ബാക്കിയുള്ളവരെ പ്രതിരോധത്തിലാക്കി കക്കാനുള്ള സി.പി.എമ്മിന്റെ ഗൂഢതന്ത്രമാണിത്. ഇത് കൊണ്ട് പ്രതിപക്ഷം ഭയപ്പെടില്ല.
ഓലപ്പാമ്പ് കാണിച്ച് വിരട്ടാൻ വരേണ്ട. വി.ഡി സതീശനെ ഒരു ചുക്കും ചെയ്യാൻ സർക്കാറിനാവില്ല. എന്നാൽ, ഇടത് സർക്കാറിലെ പലരും ഭാവിയിൽ അഴിയെണ്ണേണ്ടി വരുമെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
പ്രളയത്തിനുശേഷം സ്വന്തം മണ്ഡലമായ പറവൂരിൽ വി.ഡി. സതീശന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പുനർജനി പദ്ധതിയിലാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ വിജിലൻസ് അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിട്ടത്. വിദേശ സന്ദർശത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രാഥമിക അന്വേഷണത്തിന് അനുമതി നൽകിയത്.
2018ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് പുനർജനി എന്ന പദ്ധതി പ്രകാരം വീട് വെച്ച് നൽകുന്നതിന് കേന്ദ്ര സർക്കാറിന്റെ അനുമതിയില്ലാതെ വിദേശത്ത് പോയി പണപ്പിരിവ് നടത്തിയതിൽ എഫ്.സി.ആർ.ഐ നിയമത്തിന്റെ ലംഘനം നടന്നെന്നാരോപിച്ച് ചാലക്കുടി കാതിക്കുടം ആക്ഷൻ കൗൺസിൽ നൽകിയ പരാതിയിലാണ് അന്വേഷണം.
ആരോപണം കഴമ്പുള്ളതാണെന്ന് പ്രാഥമിക പരിശോധനയിൽ തെളിഞ്ഞാൽ സതീശനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് വിശദ അന്വേഷണം നടത്തും. ഏത് അന്വേഷണവും നേരിടാൻ തയാറാണെന്ന് വി.ഡി. സതീശൻ നിയമസഭക്കകത്തും പുറത്തും വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.