തിരുവനന്തപുരം: തൃശ്ശൂരിലെ വിജയം പിണറായി വിജയൻ ഒരു താലത്തിലാക്കി ബി.ജെ.പിക്ക് നൽകിയെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. കുറ്റം ചെയ്ത ആളുതന്നെയാണ് റിപ്പോർട്ട് തയാറാക്കി നൽകിയത്. തിരുവമ്പാടി കൃഷ്ണനും പാറമേക്കാവ് ഭഗവതിയും കൂടി പൂരം മുടക്കിയെന്ന് എഴുതാതിരുന്നത് നമ്മുടെ ഭാഗ്യം. തിരുവനന്തപുരം ബി.ജെ.പിക്ക് കൊടുക്കാൻ പൊങ്കാല കലക്കുമോ എന്ന് ശ്രദ്ധിക്കണം. ജാഗ്രതാ പാലിക്കണമെന്നാണ് അത് കൊണ്ട് അർഥമാക്കുന്നതെന്നും മുരളീധരൻ വ്യക്തമാക്കി.
തൃശൂർ പരാജയം സംബന്ധിച്ച കെ.പി.സി.സി റിപ്പോർട്ടിനെ കുറിച്ച് അറിയില്ല. അക്കാര്യം കെ.പി.സി.സിയോട് ചോദിക്കണം. തൃശൂരിൽ യു.ഡി.എഫിന് സംഘടാനപരമായ ദൗർബല്യമുണ്ടെങ്കിൽ അതിന്‍റെ മെച്ചം കിട്ടേണ്ടത് എൽ.ഡി.എഫിനാണ്.
തൃശൂരിൽ മുമ്പ് മത്സരിച്ച കെ. കരുണാകരൻ സംഘടാനപരമായ കാരണങ്ങളാൽ പരാജയപ്പെട്ടപ്പോൾ ജയിച്ചത് വി.വി. രാഘവനാണ്. എന്നാൽ, തൃശൂരിൽ ഇത്തവണ വി.എസ് സുനിൽ കുമാർ വിജയിച്ചില്ല. ജയിച്ചത് ബി.ജെ.പിയാണ്. സ്വന്തം മുന്നണിക്ക് കിട്ടേണ്ട വിജയം അട്ടിമറിച്ച് പിണറായി ഒരു താലത്തിലാക്കി ബി.ജെ.പിക്ക് നൽകിയെന്നും മുരളീധരൻ ആരോപിച്ചു.
ആവശ്യമില്ലാതെ തൃശൂരിൽ മത്സരിച്ചുവെന്നതാണ് തനിക്കുള്ള ഏക പരാതി. തൃശൂർ പരാജയത്തിന്‍റെ കാരണങ്ങൾ അറിയാൻ യാതൊരു താൽപര്യവുമില്ല. എൽ.ഡി.എഫിൽ തുടരണമോ എന്ന് സി.പി.ഐയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ പിതൃത്വം സംബന്ധിച്ച് പി.വി അൻവറിനെ കൊണ്ട് പിണറായി പറയിപ്പിച്ചതാണ്. അൻവറിനെ പോലുള്ള പഴയ കോൺഗ്രസുകാരന് പിണറായി പറഞ്ഞത് ഏറ്റുപറയേണ്ട ആവശ്യമുണ്ടായിരുന്നോ?. അൻവറിനെ തിരിച്ചെടുക്കുന്ന കാര്യം പാർട്ടി ചർച്ച ചെയ്തിട്ടില്ല. അൻവറിനെ കുറിച്ച് യു.ഡി.എഫിലും പരാതിയുണ്ട്. കോൺഗ്രസിലോ യു.ഡി.എഫിലോ അൻവർ ഒരു ചർച്ചാവിഷയമല്ലെന്നും കെ. മുരളീധരൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.