കെ. മുരളീധരനെ വി.ഡി. സതീശനും സംഘവും ബലിയാടാക്കി- കെ.സുരേന്ദ്രൻ

കോഴിക്കോട്: ലീഡർ കെ. കരുണാകരന്റെ മകൻ കെ. മുരളീധരനെ തൃശൂരിൽ കൊണ്ടുവന്ന് മത്സരിപ്പിച്ച് വി.ഡി. സതീശനും സംഘവും ബലിയാടാക്കുകയായിരുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. തൃശൂരിൽ വിജയസാധ്യത എൽ.ഡി.എഫിന് ആയിരുന്നുവെന്നും അങ്ങനെ യു.ഡി.എഫിന്റെ കുറെ വോട്ടുകൾ എൽ.ഡി.എഫിന് പോയതായും വി.ഡി. സതീശൻ തുറന്നുപറഞ്ഞിരുന്നു. സുനിൽ കുമാറിന് വോട്ട് മറിച്ചുകൊടുക്കുകയായിരുന്നുവെന്ന് സതീശൻ സമ്മതിച്ചിരിക്കുകയാണെന്നും കോഴിക്കോട് മാധ്യമപ്രവർത്തകരോട് സുരേന്ദ്രൻ പറഞ്ഞു.

മുരളീധരനെ ചതിക്കാൻ വേണ്ടിയാണ് വിജയസാധ്യതയുണ്ടായിരുന്ന വടകരയിൽ നിന്ന് തൃശൂരിലേക്ക് അദ്ദേഹത്തെ മാറ്റിയത്. മുരളീധരന്റെ രാഷ്ട്രീയ ഭാവി തന്നെ ഇല്ലാതാക്കുകയാണ് വി.ഡി. സതീശനും സംഘവും ലക്ഷ്യമിട്ടത്. തൃശൂരിൽ ജയിക്കാമെന്ന് പറഞ്ഞു പറ്റിച്ചു ബലിയാടാക്കി. അവിടെ വിജയസാധ്യത വി.എസ്. സുനിൽകുമാറിനായിരുന്നു എന്നാണ് വി.ഡി. സതീശൻ ഇപ്പോൾ പറയുന്നത്. അതുകൊണ്ട് ഞങ്ങളുടെ വോട്ട് എൽ.ഡി.എഫിലേക്കാണ് പോയതെന്നും പറയുന്നു. അപ്പോൾ പിന്നെ വിജയസാധ്യതയില്ലാത്തിടത്ത് എന്തിനാണ് കെ. മുരളീധരനെ കൊണ്ടുവന്ന് മത്സരിപ്പിച്ചതെന്നും കെ. സുരേന്ദ്രൻ ചോദിച്ചു.

സുരേഷ് ഗോപി ജയിച്ചത് പൂരം കലക്കിയാണെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണവും സുരേന്ദ്രൻ പരിഹസിച്ചു തളളി. ഒല്ലൂരിലെ ക്രൈസ്തവ കേന്ദ്രങ്ങളിലെല്ലാം സുരേഷ് ഗോപി ആണ് ലീഡ് ചെയ്തത്. ചാവക്കാടും ഗുരുവായൂരും മുസ്ലീങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ സുരേഷ് ഗോപിക്ക് നല്ല രീതിയിൽ വോട്ട് കിട്ടിയിട്ടുണ്ട്. മതന്യൂനപക്ഷങ്ങളുടെ വോട്ടുകൾ വലിയതോതിൽ സുരേഷ് ഗോപിക്ക് കിട്ടിയെന്ന് ഇതിൽ വ്യക്തമാണ്. പൂരം കലക്കിയാൽ മുസ്ലീങ്ങളും ക്രിസ്ത്യാനികളും വോട്ട് ചെയ്യുമോയെന്നും എന്ത് പച്ചക്കളളമാണ് വി.ഡി. സതീശൻ പറയുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.

Tags:    
News Summary - K. Muralidharan V.D. Satheesan and his team were sacrificed - K. Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.