കൊച്ചി: കെ-ഫോണ്‍ അഴിമതിയില്‍ തെരുവിലും മൈതാനത്തും പറഞ്ഞാല്‍ കിട്ടാത്ത നീതിക്ക് വേണ്ടിയാണ് പ്രതിപക്ഷം കോടതിയെ സമീപിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇതു സംബന്ധിച്ച ഹര്‍ജി പബ്ലിക് ഇന്ററസ്റ്റാണോ പബ്ലിസിറ്റിയാണോയെന്ന് കോടതി ചോദിച്ചെന്നാണ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. പബ്ലിസിറ്റിക്ക് വേണ്ടിയുള്ള പരാതിയുമായി കോടതിയെ സമീപിക്കേണ്ട ആവശ്യം പ്രതിപക്ഷത്തിനില്ല. പ്രതിപക്ഷമോ പ്രതിപക്ഷ നേതാവോ തെരുവില്‍ പറഞ്ഞാലും അതിനൊരു പബ്ലിസിറ്റിയുണ്ട്.
കോടതിക്കെതിരെ മുഖ്യമന്ത്രി പറഞ്ഞതു പോലെയൊന്നും പറയുന്നില്ല. കേസിന്റെ വിശദാംശങ്ങള്‍ ചോദിച്ചറിയാനുള്ള അവകാശം കോടതിക്കുണ്ട്. എ.ഐ കാമറ അഴിമതിയും സമാനമായ കാലത്ത് നടന്നതാണ്. അത് സംബന്ധിച്ച ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. കെ ഫോണ്‍ 2019 ല്‍ ഉണ്ടായതല്ലേയെന്ന് കോടതി ചോദിച്ചിട്ടുണ്ട്. ഇതിന് കൃത്യമായ മറുപടിയും നല്‍കിയിട്ടുണ്ട്. 20 ലക്ഷം പേര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് നല്‍കുമെന്ന് പറഞ്ഞ് ഏഴ് വര്‍ഷമായിട്ടും അഞ്ച് ശതമാനത്തിന് പോലും നല്‍കിയില്ല.
ആയിരം കോടിയുടെ പദ്ധതി ചെലവ് 1500 കോടിയായി വര്‍ധിപ്പിച്ചതില്‍ തന്നെ അഴിമതിയുണ്ട്. സി.എ.ജിയുടെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത് വന്നതോടെയാണ് ഇത്രയും വലിയ അഴിമതി നടന്നിട്ടുണ്ടെന്ന് ബോധ്യപ്പെട്ടത്. സി.എ.ജി അന്തിമ റിപ്പോര്‍ട്ട് ഉടന്‍ പുറത്ത് വരും. പദ്ധതി ഇപ്പോഴും പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ കാലതാമസമെന്ന ചോദ്യത്തിന് പ്രസക്തിയില്ല. ധനപ്രതിസന്ധിയുള്ള കേരളത്തില്‍ 1500 കോടിയുടെ പദ്ധതി കൊണ്ടുവന്നിട്ടും അഞ്ച് ശതമാനത്തിന് പോലും ഗുണം ലഭിച്ചില്ലെന്ന് പറയുന്നത് എന്തോ കുഴപ്പമുണ്ടെന്നതിന്റെ സൂചനയാണ്. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.
എ.ഐ ക്യാമറിയിലേതു പോലുള്ള അഴിമതിയാണ് കെ ഫോണിലും നടന്നത്. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട എസ്.ആര്‍.ഐ.ടി, പ്രസാഡിയോ കമ്പനികള്‍ രണ്ട് ഇടപാടുകളിലുമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടത്തിയ ഗൂഡാലോചനയും അഴിമതിയുമാണ് ഈ പദ്ധതികളില്‍ നടന്നത്. നിലവില്‍ സര്‍ക്കാരിനോട് സത്യവാങ്മൂലം നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാതെ കേസ് തള്ളിയിട്ടില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.