തിരുവനന്തപുരം: വലിയ അവകാശ വാദത്തോടെ തുടങ്ങിയ കെ-ഫോൺ പദ്ധതി ലക്ഷ്യം കണ്ടില്ലെന്ന് സമ്മതിച്ച് രണ്ടാം പിണറായി സർക്കാറിന്റെ മൂന്നാം പ്രോഗ്രസ് റിപ്പോർട്ട്. ഒന്നാം പിണറായി സര്‍ക്കാറിന്റെ ആദ്യഘട്ട ഉദ്ഘാടനവും 2021ൽ പദ്ധതി പൂര്ത്തീകരണവുമെന്നാണ് പ്രകടനപത്രികയിലുണ്ടായിരുന്നത്. എന്നാൽ, രണ്ടാം സര്‍ക്കാര്‍ അധികാരത്തിൽ വന്ന് നാലാംവർഷത്തിലേക്ക് കടന്നിട്ടും പദ്ധതി എങ്ങുമെത്തിയിട്ടില്ലെന്നാണ് പ്രോഗ്രസ് റിപ്പോർട്ട് അടിവരയിടുന്നത്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യ ഇൻറർനെറ്റ് കണക്ഷൻ എന്ന അവകാശ വാദത്തോടെയായിരുന്നു പദ്ധതി. ഒരു മണ്ഡലത്തിൽ 100 പേർക്ക് എന്ന കണക്കിൽ 140 മണ്ഡലങ്ങളിലുമായി 14,000 സൗജന്യ കണക്ഷൻ നൽകുമെന്നായിരുന്നു വാഗ്ദാനം. പ്രകടനപത്രികയിലെ പ്രഖ്യാപനം മാത്രമല്ല, ഉദ്ഘാടന വാഗ്ദാനം പോലും നടപ്പായില്ല. പ്രോഗ്രസ് റിപ്പോർട്ടിലെ കണക്ക് പ്രകാരം ഇതുവരെ നൽകിയ സൗജന്യ കണക്ഷനുകളുടെ എണ്ണം 5856 മാത്രമാണ്. സംസ്ഥാനത്ത് ആകെ സൗജന്യ കണക്ഷന് അർഹതപ്പെട്ടവരായി 20 ലക്ഷം കുടുംബങ്ങളുണ്ടെന്നാണ് സർക്കാറിന്റെതന്നെ കണക്കുകൂട്ടൽ.
സംസ്ഥാനത്തെ 30,000 സർക്കാർ ഓഫിസുകളിൽ കണക്ഷൻ എത്തിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ലക്ഷ്യം കണ്ടത് 21,311 ഓഫിസുകളിലും. നിരക്ക് നിശ്ചയിച്ചുള്ള വാണിജ്യ കണക്ഷൻ ലഭ്യമാക്കുന്നതിന് ‘എന്റെ കെ- ഫോൺ’ എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ചുവെന്നാണ് റിപ്പോർട്ടിലുള്ളത്. എന്നാൽ, ഇത്തരത്തിൽ നൽകിയ വാണിജ്യ കണക്ഷനുകളുടെ കണക്കുകളൊന്നും പ്രോഗ്രസ് റിപ്പോർട്ടിൽ പറയുന്നില്ല.
ഫൈബര്‍ ശൃംഖലയിൽ 4300 കിലോമീറ്റര്‍ പാട്ടത്തിന് നൽകാനായെന്നും അത് 10,000 കിലോമീറ്ററാക്കുമെന്നുമാണ് ഏറ്റവും ഒടുവിൽ അധികൃതർ വ്യക്തമാക്കിയത്. 2023 ജൂൺ അഞ്ചിന് നിയമസഭയിലായിരുന്നു കെ-ഫോണിന്റെ ഉദ്ഘാടനച്ചടങ്ങ്. ഈ ഘട്ടത്തിൽതന്നെ 2105 കുടുംബങ്ങൾക്ക് സൗജന്യ കണക്ഷൻ എത്തിച്ചിരുന്നു. കണക്ഷൻ എണ്ണം 5856 എത്തുമ്പോഴും തുടക്കത്തിലേത് കിഴിച്ചാൽ ഫലത്തിൽ 10 മാസംകൊണ്ട് നൽകിയത് 3751 എണ്ണം മാത്രമാണ്. വാര്‍ഷിക പരിപാലന തുക മാറ്റിവെച്ചാൽ 1168 കോടി രൂപക്കാണ് കെ-ഫോൺ പദ്ധതി നടത്തിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.