തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥയായ ദിവ്യ എസ്. അയ്യർ തന്നെ ആലിംഗനം ചെയ്തത് സ്നേഹം പ്രകടിപ്പിച്ചതാണെന്നും അത് വലിയ ചർച്ചയാക്കേണ്ട കാര്യമില്ലെന്നും കെ. രാധാകൃഷ്ണൺ എം.പി. ഒരു സ്നേഹപ്രകടനം ഇത്ര ചർച്ചയാക്കേണ്ട കാര്യമുണ്ടോ? ആർക്കും സ്നേഹിക്കാൻ പാടില്ലേ എന്നും അദ്ദേഹം ചോദിച്ചു.രാജ്യത്തിന്റെ പൊതു സ്ഥിതി പാർലമെന്റിൽ ചർച്ചയാകുമെന്നും താൻ ആദ്യമായാണ് പാർലമെന്റിൽ എത്തുന്നതെന്നും രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.
ദിവ്യ എസ്. അയ്യർ മുൻ മന്ത്രി കെ. രാധാകൃഷ്ണനെ ആശ്ലേഷിക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. സ്നേഹത്തിന് പ്രോട്ടോക്കോൾ ഇല്ലെന്നും കെ. രാധാകൃഷ്ണനെ ആലിംഗനം ചെയ്തത് ഹൃദയത്തിന്റെ ഭാഷയിലാണെന്നുമാണ് ദിവ്യ എസ്. അയ്യർ പ്രതികരിച്ചത്. ഫോട്ടോയെ കുറിച്ചുള്ള ജാതീയമായ പരാമർശങ്ങൾ വേദനിപ്പിച്ചുവെന്നും അവർ പറഞ്ഞു.
മന്ത്രിസ്ഥാനം രാജിവെച്ച ശേഷം കെ. രാധാകൃഷ്ണനെ സന്ദർശിച്ച ദിവ്യ എസ്. അയ്യർ ഇൻസ്റ്റഗ്രാമിൽ ഒരു ഓർമക്കുറിപ്പ് പങ്കുവെച്ചിരുന്നു. മന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിനൊപ്പമെടുത്ത ചിത്രങ്ങളും കുറിപ്പിനൊപ്പം പങ്കുവെച്ചിരുന്നു. അതിൽ ദിവ്യ കെ. രാധാകൃഷ്ണണെ ആശ്ലേഷിക്കുന്ന ചിത്രമാണ് സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തത്.
കനിവാർന്ന വിരലാൽ വാർത്തെടുത്തൊരു കുടുംബം.രാധേട്ടാ, രാധാകൃഷ്ണാ, വലിയച്ഛാ,സർ... എന്നിങ്ങനെ പല വാത്സല്യവിളികൾ കൊണ്ട് ഇന്നു മുഖരിതം ആയിരുന്ന മന്ത്രി വസതിയിൽ യാത്രയയക്കാനെത്തിയ കുടുംബാംഗങ്ങൾക്കൊപ്പം. പത്തനംതിട്ടയിലെ കളക്ടർ വസതിയിൽ നിന്നും ഞാൻ ഇറങ്ങുമ്പോൾ അന്നു അദ്ദേഹത്തിന്റെ സ്നേഹസാന്നിധ്യത്തിന്റെ മധുരം ഒരിക്കൽ കൂടി നുകർന്നപോൽ''- എന്നായിരുന്നു ദിവ്യ എസ്.അയ്യരുടെ ഇൻസ്റ്റഗ്രാം കുറിപ്പ്.
ഏറെ ബഹുമാനിക്കുന്ന, ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയെ മറ്റൊരാൾ ആലിംഗണം ചെയ്ത ചിത്രം സ്ത്രീ-പുരുഷ സമസ്യയിൽ ഇപ്പോൾ പോസിറ്റീവായി ചർച്ച ചെയ്യുന്നതിൽ സന്തോഷമുണ്ടെന്നായിരുന്നു ഫോട്ടോ വൈറലായതിനു പിന്നാലെ ദിവ്യ എസ്. അയ്യരുടെ ഭർത്താവ് എസ്. ശബരീനാഥൻ ഫേസ്ബുക്കിൽ കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.