അട്ടപ്പാടിക്ക് സമഗ്രമായ ആക്ഷൻ പ്ലാൻ തയാറാക്കിയെന്ന് കെ.രാധാകൃഷണൻ

കോഴിക്കോട് : അട്ടപ്പാടി ആദിവാസി മേഖലയിലെ ശിശുമരണം തടയാൻ സമഗ്രമായ ആക്ഷൻ പ്ലാൻ പട്ടികവർഗവകുപ്പ് തയാറാക്കിയതായി മന്ത്രി കെ.രാധാകൃഷണൻ. അതിന്റെ ഭാഗമായി പട്ടികവർഗ, ആരോഗ്യം, തദ്ദേശ സ്വയംഭരണം, ഭക്ഷ്യം തുടങ്ങിയ വകുപ്പുകളും കുടുംബശ്രീയും ചേർന്ന് സംയോജിത ഇടപെടലാണ് അട്ടപ്പാടിയിൽ നടത്തുന്നതെന്നും അദ്ദേഹം നിയമസഭയെ രേഖാമൂലം അറിയിച്ചു.

നവജാത ശിശുകക്കളുടെ ആരോഗ്യ സംരക്ഷണത്തിനും അമ്മമാരുടെ ഗർഭാവസ്ഥയിലെ പരിചരണത്തിനുമായി പുതിയ പദ്ധതികൾ നടപ്പാക്കും. കോട്ടത്തറ ഗവ. ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പാലക്കാട് മെഡിക്കൽ കോളജ് ആളുപത്രിയിൽനിന്നുള്ള വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കും. അധികമായി ഒരു ആംബുലൻസ് സേവനം പട്ടികവർഗ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് ലഭ്യമാക്കും.

ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്ക് സഹായം എത്തിക്കുന്നതിനായി ഹെൽപ് ഡെസ്ക് രൂപീകരിച്ച് 24 മണിക്കൂർ സേവനം നൽകും. ഒ.ഡി.കെ കലക്ട് ആപ്പ് വഴി അട്ടപ്പാടി ഊരുകളിലെ പട്ടികവർഗ വിഭാഗത്തിലെ ഗർഭിണികളുടെ വിവരങ്ങൾ ശേഖരിച്ച് പ്രത്യേകം നിരീക്ഷിക്കും. ഒറ്റപ്പാലം കലക് ടറുടെ നേതൃത്വത്തിൽ ഇക്കാര്യത്തിൽ പ്രതിവാര അവലോകനം നടത്തും.

ഗർഭിണികളുടെ ആരോഗ്യ പരിചരണം കൃത്യമായി ഉറപ്പ് വരുത്തുന്നതിന് എസ്.ടി പ്രമോമോട്ടർമാർ, ഹെൽത്ത് നേഴ്സുമാർ, കമ്മിറ്റഡ് സോഷ്യൽ വർക്കർ എന്നിവർക്ക് ചുമതല നൽകി പ്രവർത്തനം പരിശോധിക്കും. അതിന് മൂന്ന് ഗ്രാമപഞ്ചായത്തുകളിലും പ്രത്യേകം സ്ക്വാഡ് രൂപീകരിച്ച് പ്രവർത്തനം നടത്തും. സക്കിൾസെൽ അനീമിയ കണ്ടെത്തുന്നതിന് സ്ക്രീനിങ് നടത്തും.

ഐ.ടി.ഡി.പിക്ക് കീഴിലുള്ള ആംബുലൻസ് സർവീസിന്റെ സേവനം 24 മണിക്കൂറും ഉണ്ടാവും. അട്ടപ്പാടിയുൾപ്പെടെയുള്ള ആദിവാസി മേഖലകളിൽ പട്ടികവർഗ വകുപ്പ് വഴി നടത്തുന്ന ആരോഗ്യ പോഷക ക്ഷേമ പ്രവർത്തനങ്ങൾ കോ- ഓർഡിനേറ്റ് ചെയ്യുന്നതിനായി യുനിസെഫിന്റെ സാമ്പത്തിക സഹായത്തോടെ (ട്രൈബൽ ഹെൽത്ത് ആൻഡ് ന്യൂട്രീഷൻ) കൺസൾന്റിനെ നിയമിച്ച് തുടർ നടപടികൾ സ്വീകരിച്ചു.

പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ജില്ലയിലെ എം.പി, മണ്ണാർക്കാട് എം.എൽ.എ, പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ അടങ്ങുന്ന ഏകോപന സമിതിക്ക് രൂപം നൽകി. സബ് കലക്ടറാണ് സമിതിയുടെ കൺവീനർ. സമിതി അട്ടപ്പാടിയിലെ പട്ടികവർഗക്കാരുടെ പ്രശ്നങ്ങൾ അവലോകനം നടത്തി നടപടി സ്വീകരിക്കും.

ഗർഭാവസ്ഥയിലുള്ള അമ്മക്കും കുഞ്ഞിനും പോഷകാഹാരം നൽകുന്നതിന് ജനനീജന്മരക്ഷാ പദ്ധതിയിൽ വഴി പ്രതിമാസം നൽകുന്ന 2,000 രൂപ ആവശ്യത്തിന് തന്നെ ഉപയോഗിക്കുന്നുണ്ടെന്ന് എസ്.ടി പ്രമോട്ടർമാർ വഴി ഉറപ്പ് വരുത്തും. ഫുഡ് സപ്പോർട്ട് പ്രോഗ്രാം പദ്ധതി പ്രകാരം ഗർഭിണികൾക്ക് പോഷകാഹാര കിറ്റ് നൽകും.

പോശഹാകാഹാരക്കുറവ് പരിഹരിക്കുന്നതിന് കമ്മ്യൂണിറ്റി കിച്ചന് പുറമെ ജാതക് ജനനീ പദ്ധതി പുനരാരംഭിക്കുന്നതിന് തീരുമാനിച്ചു. പദ്ധതികൾ വളരെ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും വകുപ്പിലെ ഉദ്യോഗസ്ഥർ വഴി പദ്ധതികൾ മോണിറ്റർ ചെയ്യുന്നതിനും നടപടി തുടങ്ങി. നിലവിൽ പ്രവർത്തിക്കാത്ത സമൂഹ അടുക്കളകൾ തുറന്ന പ്രവർത്തിക്കുന്നതിന് കുടുംബശ്രീയുമായി ചേർന്ന് നടപടി സ്വീകരിക്കുമെന്നും കെ.രാധാകൃഷ്ണൻ അറിയിച്ചു.  

Tags:    
News Summary - K. Radhakrishnan said that a comprehensive action plan has been prepared for Attapadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.