ജനങ്ങളുടെ കീശയിൽ കൈയിട്ടു വാരുന്ന ഉദ്യോഗസ്ഥർ സർവീസിൽ ഉണ്ടാവില്ലെന്ന് കെ. രാധാകൃഷ്ണൻ

കണ്ണൂർ: പാവപ്പെട്ട ജനങ്ങളുടെ കീശയിൽ കൈയിട്ട് വരുന്ന ഉദ്യോഗസ്ഥർ സർക്കാർ സർവീസിലുണ്ടാവില്ലെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി 'കരുതലും കൈത്താങ്ങും' കണ്ണൂർ താലൂക്ക്തല പരാതി പരിഹാര അദാലത്ത് കണ്ണൂർ മുനിസിപ്പൽ ഹൈസ്കൂൾ അങ്കണത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സേവനം ചെയ്യുക എന്നതാണ് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം. അതിനാണ് ശമ്പളം ലഭിക്കുന്നത്. നീണ്ട കാലം പരാതികൾ പരിഹരിക്കാതെ കിടക്കുക എന്നത് ജനങ്ങളോട് കാണിക്കുന്ന അപരാധമാണ്. ജനങ്ങളുടെ പരാതികൾക്ക് ഉടൻ പരിഹാരം കാണുന്നതിനൊപ്പം അഴിമതിരഹിതവും കാര്യക്ഷമവുമായ സിവിൽ സർവീസ് സംവിധാനം രൂപപ്പെടുത്തുക എന്ന ലക്ഷ്യം കൂടിയാണ് പരാതി പരിഹാര അദാലത്തിനുള്ളത്.

പരാതികൾ എത്രയും പെട്ടന്ന് പരിഹരിക്കാനായി സാങ്കേതിക വിദ്യയുടെ സഹായം തേടുകയാണ്. ഇക്കാര്യത്തിൽ ജില്ലയുടെ പ്രവർത്തനം മാതൃകാപരമാണ്. പരാതി പരിഹാര രംഗത്ത് ജില്ലാ ഭരണകൂടത്തിന് ഈ അദാലത്ത് വഴികാട്ടിയാവുമെന്നും മന്ത്രി പറഞ്ഞു. ഇവിടെ പരിഹരിക്കാൻ പറ്റാത്ത ഒട്ടേറെ പരാതികളും ലഭിച്ചിട്ടുണ്ട്. ഇവ പ്രത്യേകമായി പരിശോധിച്ച് പിന്നീട് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

പരാതി പരിഹാര രംഗത്ത് വലിയ നേട്ടമുണ്ടാക്കാൻ പര്യാപ്തമാണ് കരുതലും കൈത്താങ്ങുമെന്ന് വിശിഷ്ടാതിഥിയായി സംസാരിച്ച മന്ത്രി പി പ്രസാദ് പറഞ്ഞു.

രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ അധ്യക്ഷത വഹിച്ചു. മേയർ ടി ഒ മോഹനൻ, എം.എൽ.എ മാരായ കെ.വി സുമേഷ്, എം.വിജിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ, കലക്ടർ എസ്. ചന്ദ്രശേഖർ, അസിസ്റ്റന്റ് കലക്ടർ മിസാൽ സാഗർ ഭരത്, കണ്ണൂർ തഹസിൽദാർ സുരേഷ് ചന്ദ്രബോസ് എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - K. Radhakrishnan said that there will be no officers in the service who put their hands in people's pockets.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.