തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരായ പ്രതിഷേധങ്ങളെ പൊലീസിനെ ഉപയോഗിച്ച് പ്രതിരോധിക്കാൻ നീക്കം. കല്ലിടാനെത്തുന്ന ഉദ്യോഗസ്ഥർക്ക് പൊലീസ് സംരക്ഷണം തേടി കെ-റെയില്‍ സർക്കാറിന് നൽകിയ കത്തിൽ ഉടൻ തീരുമാനമുണ്ടാകും.
ഉദ്യോഗസ്ഥർക്ക് സുരക്ഷയൊരുക്കാൻ ഡി.ജി.പി പ്രത്യേക നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് കെ-റെയിലിന്റെ കത്ത്. സിൽവർ ലൈൻ പദ്ധതിക്കെതിരെ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പദ്ധതിക്കായി കല്ലിടാനെത്തുന്ന ഉദ്യോഗസ്ഥരെ തടയുന്ന സാഹചര്യത്തിലാണ് കത്ത്.
ഇനി മുതല്‍ ഒരു സ്ഥലത്ത് കല്ലിടാനെത്തുന്നതിനുമുമ്പായി കെ- റെയിൽ ഉദ്യോഗസ്ഥർ അതത് ജില്ല പൊലീസ് മേധാവികൾക്ക് കത്ത് നല്‍കും. കത്തിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരുടെ സുരക്ഷക്കായി പൊലീസിനെ വിന്യസിപ്പിക്കണമെന്നാണ് ആവശ്യം. ഇക്കാര്യം സർക്കാർ അംഗീകരിക്കാനാണ് സാധ്യത.
സംരക്ഷണം നൽകിയില്ലെങ്കിൽ പദ്ധതി പ്രവർത്തനങ്ങളെ അത് സാരമായി ബാധിക്കുമെന്നും കെ-റെയിൽ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. മാർച്ച് 31 നുള്ളിൽ കല്ലിടൽ തീർക്കാനാണ് കെ-റെയിൽനീക്കം.
കല്ലിടൽ നടപടിക്ക് തടസ്സം നിൽക്കുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്ന ആവശ്യവും അവർ മുന്നോട്ടുവെക്കുന്നു. എന്നാൽ, ആരു വന്നാലും സമരം തുടരുമെന്ന നിലപാടിലാണ് സമരസമിതി. കെ-റെയിലിന്റെ ആവശ്യം അംഗീകരിച്ച് പൊലീസ് നടപടി ശക്തമാക്കിയാൽ അത് സംസ്ഥാനത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.