കെ-റെയില്‍ സിൽവർ ലൈൻ പദ്ധതിയെ കുറിച്ച് സര്‍ക്കാറിന് പറയാനുള്ളത് കേള്‍ക്കാതെ തള്ളിക്കളയുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് കോൺഗ്രസ് എം.പി ശശി തരൂർ. ചർച്ചയും സംവാദവും വിയോജിപ്പുമാണ് ജനാധിപത്യത്തിന്‍റെ അടിസ്ഥാന ശിലകളെന്നും ഇംഗ്ലീഷ് വാർത്താപോർട്ടലിൽ എഴുതിയ ലേഖനത്തിൽ ശശി തരൂർ ചൂണ്ടിക്കാട്ടി.
ആശയപരമായി എതിർഭാഗത്തുള്ളവർ മുന്നോട്ടുവെക്കുന്ന എന്തിനെയും എതിർക്കുകയെന്നത് അംഗീകരിക്കാനാകില്ല. ബി.ജെ.പി ഇതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. യു.ഡി.എഫിനും എൽ.ഡി.എഫിനും ഇതുതന്നെയാണ് പലപ്പോഴും സംഭവിക്കുന്നത്.
തിരുവനന്തപുരം വിമാനത്താവളം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാറിന്‍റെ പിന്തിരിപ്പൻ തീരുമാനങ്ങളെ ഞാൻ എതിർത്തിരുന്നു. എന്നാൽ കെ-റെയിൽ വിഷയത്തിൽ എന്‍റെ ചില സഹപ്രവർത്തകർ ശത്രുവിനെ സഹായിച്ചു എന്ന പേരിൽ എന്ന തള്ളിപ്പറഞ്ഞു. സി.പി.എം വക്താവ് തന്ത്രപരമായി എന്നെ അഭിനന്ദിച്ചു. പല വിഷയങ്ങളിലും ഞാൻ സി.പി.എമ്മിനെയും മുഖ്യമന്ത്രിയെയും എതിർത്തിട്ടുണ്ടെന്നത് സൗകര്യപൂർവം വിസ്മരിക്കപ്പെട്ടു. ഞാൻ മുഖ്യമന്ത്രിയെ പിന്തുണച്ചു എന്നതു മാത്രമായി ചുരുക്കി.
കെ-റെയിൽ പദ്ധതിയെ കുറിച്ച് നന്നായി പഠിക്കാതെ അക്കാര്യത്തിൽ നിലപാട് എടുക്കാനാകില്ല. അങ്ങനെയൊരു പഠനം നടക്കാതിരുന്നതിനാലാണ് യു.ഡി.എഫ് എം.പിമാർ കേന്ദ്ര റെയിൽവേ മന്ത്രിക്ക് അയച്ച കത്തിൽ താൻ ഒപ്പുവെക്കാതിരുന്നതെന്നും ശശി തരൂർ വ്യക്തമാക്കി.
കത്തിൽ ഒപ്പുവെച്ചില്ലായെന്നതിന്‍റെ അർഥം താൻ കെ-റെയിലിനെ പിന്തുണക്കുന്നുവെന്നല്ല. കെ-റെയിൽ സുപ്രധാന ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. പാരിസ്ഥിതിക ആഘാതം, സാമ്പത്തിക പ്രായോഗിതക, ജനങ്ങളുടെ ആശങ്കകൾ തുടങ്ങിയവ. ഇതിന് പരിഹാരമുണ്ടാക്കാൻ സർക്കാറും ജനപ്രതിനിധികളും വിദഗ്ധരും ഉൾപ്പെടുന്ന ഒരു ഫോറം രൂപീകരിക്കാൻ ഞാൻ ആവശ്യപ്പെട്ടിരുന്നു. ഇത്തരം സമീപനമാണ് കേരളത്തിലെ ജനങ്ങൾക്ക് ഉപകാരപ്രദമാകുക. അല്ലാതെ കണ്ണടച്ച് ഒരു പദ്ധതിയെയും എതിർക്കുന്നത് ജാനാധിപത്യത്തിൽ സ്വാഗതാർഹമായ നിലപാടല്ല -ശശി തരൂർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.