കാസർകോട്: കെ. റെയിൽ പദ്ധതിക്കായി ഏറ്റെടുക്കുന്ന സ്ഥലത്തിന്‍റെ ഇരുവശവും ബഫർ സോണുകളുണ്ടാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കെ.റെയിലിന്‍റെ ഇരുവശവും ഒരു മീറ്റർ പോലും ബഫർസോൺ ഇല്ലെന്ന് കഴിഞ്ഞദിവസം മന്ത്രി സജി ചെറിയാന്‍ പറഞ്ഞിരുന്നു. എന്നാൽ മന്ത്രിയുടെ വാദം തിരുത്തി കെ. റെയിൽ എം.ഡി വി.അജിത് കുമാർ തന്നെ രംഗത്തെത്തുകയും ബഫർസോൺ ഉണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തു. കെ. റെയിൽ എം.ഡി പറയുന്നതാണ് ശരിയെന്നും കോടിയേരി പറഞ്ഞു. കാസർകോട് ഗസ്റ്റ്ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.റെയിലിനെ എതിർക്കുന്നവർ പദ്ധതിയെ പഠിക്കണമെന്നും കോടിയേരി നിർദ്ദേശിച്ചു. കല്ലിടലുമായി ബന്ധപ്പെട്ട് കാസർഗോഡും മലബാറിലും വലിയ പ്രതിഷേധങ്ങൾ ഉണ്ടായിട്ടില്ലെന്നും കല്ലായി പോലുള്ള സ്ഥലങ്ങളിൽ ബി.ജെ.പിയും കോൺഗ്രസും ഒരുമിച്ച് പദ്ധതിക്കെതിരെ സമരം ചെയ്യുകയാണെന്നും കോടിയേരി ആരോപിച്ചു.
കെ.റെയിൽ പദ്ധതിക്ക് വേണ്ടി സ്ഥാപിച്ച കല്ലുകൾ എടുത്ത് കോൺഗ്രസ് ഓഫീസിൽ കൊണ്ടുവെച്ചാൽ കെ.റെയിൽ ഇല്ലാതാവില്ലെന്നും കല്ലിടാതെയും പദ്ധതി നടത്താമെന്നും കോടിയേരി പറഞ്ഞു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഭയചകിതരാക്കി പ്രതിഷേധത്തിനിറക്കുകയാണ് പ്രതിപക്ഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുമെന്നും ഹൈക്കോടതി പറഞ്ഞത് പ്രകാരമുള്ള നടപടികളാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.