ചെങ്ങന്നൂര്‍ (ആലപ്പുഴ): കെ-റെയിൽ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തിയാർജിച്ച മുളക്കുഴ പഞ്ചായത്തിലെ കൊഴുവല്ലൂരില്‍ മന്ത്രി സജി ചെറിയാൻ ചൊവ്വാഴ്ച വീടുകൾ സന്ദർശിച്ച് പ്രചാരണം നടത്തി. 11, 12 വാർഡുകളിലെ 20ഓളം വീടുകളിൽ രാവിലെ 7.45 മുതൽ 9.45 വരെയാണ് സില്‍വര്‍ ലൈന്‍ അനുകൂല പ്രചാരണവുമായി മന്ത്രി സന്ദർശനം നടത്തിയത്. മന്ത്രിയുടെ വീടുൾപ്പെടുന്ന വാർഡ് കൂടിയാണിത്.
വീടുകൾ നഷ്ടമാകില്ലെന്നും നാലിരട്ടി നഷ്ടപരിഹാരം ബാങ്ക് അക്കൗണ്ടിൽ വന്നശേഷം മാത്രം വിട്ടുകൊടുത്താൽ മതിയെന്നും പുനരധിവാസം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. പിണറായി സർക്കാർ പറഞ്ഞ വാക്കുകൾ പാലിക്കും സുപ്രീം കോടതി വിധി വന്നതോടെ പദ്ധതിക്കെതിരായ പ്രതിഷേധത്തിന്റെ പ്രസക്തിയില്ലാതായി.
സമരസമിതിക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നും പറഞ്ഞതെല്ലാം പ്രതിപക്ഷം വിഴുങ്ങേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തിൽ കൊഴുവല്ലൂർ കിഴക്കേ മോടിയിൽ പിഴുതെറിഞ്ഞ സര്‍വേ കല്ല് ഇവർ പുനഃസ്ഥാപിച്ചു. ഇരുചക്രവാഹനത്തിലാണ് മന്ത്രിയും സംഘവും വീട് കയറാന്‍ എത്തിയത്.
ജനങ്ങളിലുണ്ടായിരുന്ന തെറ്റിദ്ധാരണ മാറ്റാനായെന്ന് മന്ത്രി പറഞ്ഞു. പ്രതിഷേധമുയര്‍ന്ന ഭൂതംകുന്ന് കോളനിയില്‍ ഉള്‍പ്പെടെ പ്രശ്‌നങ്ങള്‍ അവസാനിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.പി.എം ജില്ല കമ്മിറ്റിയംഗം എം.എച്ച്. റഷീദ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എസ്. ഗോപലകൃഷ്ണൻ, ഏരിയാ കമ്മിറ്റിയംഗം പി.എസ്. മോനായി എന്നിവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
അതേസമയം, സി.പി.എമ്മും മന്ത്രിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് കെ-റെയില്‍ വിരുദ്ധ സമരസമിതി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.