തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിന്‍റെ സുരക്ഷ വർധിപ്പിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മണിക്കൂറുകൾ നീണ്ട മാരത്തൺ ചർച്ചക്ക് ശേഷമാണ് സുരക്ഷ വർധിപ്പിക്കാൻ തീരുമാനിച്ചത്. പൊലീസിനൊപ്പം വ്യവസായ സുരക്ഷ സേനയെക്കൂടി വിന്യസിക്കും.
മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള റോഡുകൾ സി.സി.ടി.വി കാമറ നിരീക്ഷണത്തിലാക്കാനും ശിപാർശയുണ്ട്. ബി.ജെ.പി പ്രവർത്തകർ ക്ലിഫ്ഹൗസ് പരിസരത്ത് അതിക്രമിച്ച് കടന്ന് അതിരടയാളക്കല്ല് സ്ഥാപിച്ചതുൾപ്പെടെ വീഴ്ചകളെത്തുടർന്നാണ് സുരക്ഷ കൂട്ടുന്നത്. സായുധരായ 20 വ്യവസായ സുരക്ഷാ സേനാംഗങ്ങളെ ഉടൻ വിന്യസിക്കും. റാപ്പിഡ് റെസ്പോൺസ് ആൻഡ് റെസ്‍ക്യൂ ഫോഴ്സ് ഉൾപ്പെടെ 60 പൊലീസുകാർക്ക് പുറെമയാണിത്. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം നൂറിനടുത്താകും.
മുഖ്യമന്ത്രിയുടെ വസതിയിൽ നിന്ന് 250 മീറ്ററോളം അകലെയുള്ള ദേവസ്വം ബോർഡ് ജങ്ഷൻ മുതൽ നിലവിൽ അതിസുരക്ഷാനിയന്ത്രണ മേഖലയാണ്. അനുവാദമില്ലാതെ ആരെയും കടത്തിവിടാറില്ല. അവിടേക്കാണ് രാഷ്ട്രീയ പാർട്ടി പ്രവർത്തകർ അതിക്രമിച്ച് കടന്നത്.
കെ-റെയിൽ വിരുദ്ധ പ്രതിഷേധങ്ങൾ ക്ലിഫ് ഹൗസിലേക്കെത്തിയ സാഹചര്യത്തിൽ കോമ്പൗണ്ടിൽ സുരക്ഷ ഓഡിറ്റ് നടത്താനും പൊലീസ് തീരുമാനിച്ചു. കോമ്പോണ്ടിലേക്കുള്ള വഴികളിൽ പൊലീസ് പിക്കറ്റ് സ്ഥാപിച്ചു. ക്ലിഫ്ഹൗസ് സുരക്ഷക്ക് മാത്രമായി എസ്.പിയെ നിയോഗിക്കും.നിലവിൽ പൊലീസിന്‍റെ ദ്രുതകർമസേനക്കാണ് ക്ലിഫ്ഹൗസിന്‍റെ സുരക്ഷാചുമതല. ഇത് സംസ്ഥാന വ്യവസായസുരക്ഷാസേനക്ക് കൈമാറാൻ നേരേത്ത തീരുമാനിച്ചിരുന്നു. മന്ത്രിമന്ദിരങ്ങളുടെ സുരക്ഷ വർധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.