അതിവേഗത്തിന്​ വഴിമുട്ടുന്നു; സർവേ സമയപരിധി തീർന്നു; പുതുക്കാതെ സർക്കാർ

തിരുവനന്തപുരം\തൃശൂർ: തുടക്കത്തിലെ ആവേശം കെട്ടതിനു പിന്നാലെ സിൽവർ ലൈൻ പദ്ധതിക്കായുള്ള സാമൂഹികാഘാത പഠനം വഴിമുട്ടി. വിവിധ ഏജൻസികളുമായി 11 ജില്ലകളിലെ പഠനത്തിന്​ കരാർ ഒപ്പിട്ടിരുന്നെങ്കിലും ഒമ്പതിടത്തും കരാർ കാലാവധി കഴിഞ്ഞു. മലപ്പുറവും തൃശൂരുമാണ്​ ഇനി ശേഷിക്കുന്നത്​. ഇവിടങ്ങളിലെ കാലാവധി ജൂലൈയോടെ അവസാനിക്കും. ഇതോടെ പദ്ധതി ഇനിയും വൈകുമെന്ന കാര്യം ഉറപ്പായി. പദ്ധതി വൈകുന്ന ഓരോ വർഷവും അഞ്ചു ശതമാനം വീതം ചെലവ്​ വർധിക്കുമെന്ന്​ ഡി.പി.ആർതന്നെ തുറന്നു​പറഞ്ഞിരിക്കെയാണ്​ ഈ അനിശ്ചിതത്വം.

കരാർ ഒപ്പിട്ട്​ ആറു​ മാസത്തിനുള്ള പഠനം പൂർത്തിയാക്കാനായിരുന്നു കരാർ വ്യവസ്ഥ. എന്നാൽ, സംസ്ഥാനത്ത്​ പദ്ധതിക്കെതിരെ വ്യാപകമായി ഉയർന്ന ജനകീയ പ്രതിഷേധത്തിലും ചെറുത്തുനിൽപ്പിലും പഠനം സംസ്ഥാന വ്യാപകമായിതന്നെ തടസ്സപ്പെടുകയായിരുന്നു. തൃക്കാക്കര തെരഞ്ഞെടുപ്പിന്​ തൊട്ടുമുമ്പ്​ ബലംപ്രയോഗിച്ചുള്ള കല്ലിടലിൽനിന്ന്​ സർക്കാർ പിന്നാക്കംപോയി. പകരം ഏർപ്പെടുത്തിയ ജിയോ ടാഗിങ്ങിനാകട്ടെ കാര്യമായ പു​രോഗതിയുണ്ടായതുമില്ല. ഉപതെര​ഞ്ഞെടുപ്പ്​ പരാജയത്തിനു പിന്നാലെ സർക്കാറിന്‍റെ 'സിൽവർ ലൈൻ ആവേശം' കെട്ടു.

കേന്ദ്രാനുമതി കിട്ടിയാലേ പദ്ധതിയുമായി മുന്നോട്ടുപോകാനാകൂവെന്ന്​ മുഖ്യമ​ന്ത്രിയുടെ പരസ്യ പ്രഖ്യാപനവും കൂടിയായതോടെ നടപടികൾ ഇഴഞ്ഞു. ​ഫേസ്​ ബുക്ക്​ അക്കൗണ്ട്​ വഴി കെ-റെയിൽ തുടരുന്ന അവകാശവാദങ്ങളും പോസ്​റ്റർ പ്രചാരണങ്ങളുമല്ലാതെ മറ്റൊന്നും നടക്കുന്നി​ല്ലെന്നതാണ്​ വസ്തുത.

ഇതിനിടെ പഠനത്തിന്‍റെ തൽസ്ഥിതി വ്യക്തമാക്കണമെന്നാവശ്യപ്പെട്ട്​ ഏജന്‍സികള്‍ക്ക് റവന്യൂ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിവരങ്ങള്‍ കലക്ടര്‍മാര്‍ ഏജന്‍സികളില്‍നിന്ന് സമാഹരിച്ച് റവന്യൂ വകുപ്പിന് കൈമാറണമെന്നാണ്​ നിർദേശം.

എന്നാൽ, സർക്കാർ കരാർ വിജ്ഞാപനം പുതുക്കിയിറക്കാതെ സർവേയുമായി മുന്നോട്ടുപോകാനാവില്ലെന്നതാണ്​ ഏജൻസികളുടെ നിലപാട്​.

പദ്ധതിയുടെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചിരുന്നു. മാത്രമല്ല പദ്ധതിക്ക് ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്നും സാമൂഹികാഘാത പഠനത്തിന്‍റെ ഉത്തരവാദിത്തം കെ- റെയിലിനാണെന്നും കേന്ദ്രം അറിയിച്ചു.

എന്നാൽ, സാമൂഹികാഘാത പഠനത്തി​ന്‍റെ സമയം കഴിഞ്ഞതുകൊണ്ട് പദ്ധതി ഉപേക്ഷേിച്ചെന്ന് അർഥമില്ലെന്നാണ് കെ-റെയിലിന്‍റെ മറുപടി.

വിജ്ഞാപനം പുതുക്കുന്ന മുറക്ക്​ ബാക്കി പഠനം നടത്തുമെന്നും ഇപ്പോഴത്തേത് സാങ്കേതിക പ്രശ്നം മാത്രമാണെന്നുമാണ് നിലപാട്.

Tags:    
News Summary - k-rail survey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.