കെ-റെയിൽ: സിസ്ട്ര തിരിമറി കാട്ടി

തിരുവനന്തപുരം: പ്രാഥമിക സാധ്യത പഠനത്തിൽ കണക്കിൽ തിരിമറി കാട്ടിയാണ് കെ- റെയിലിനുവേണ്ടി കൺസൾട്ടിങ് കമ്പനിയായ സിസ്ട്ര അന്തിമ സാധ്യതാ റിപ്പോർട്ട് തയാറാക്കിയതെന്ന് വെളിപ്പെടുത്തൽ. കാലാവസ്ഥ മാറ്റം, പരിസ്ഥിതി ആഘാതം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന സി. ജയരാമനാണ് സിസ്ട്രയുടെ കള്ളക്കളി കൈയോടെ പൊക്കിയത്. ജയരാമന്‍റെ ആരോപണം അതിഗൗരവമുള്ളതെന്ന് സിസ്ട്ര സമ്മതിച്ചു. കൂടുതൽ പരിശോധന ആവശ്യമെന്ന് പറഞ്ഞെങ്കിലും രണ്ടു മാസമായി സിസ്ട്രയിൽനിന്ന് വിശദീകരണം ലഭിച്ചിട്ടില്ല.

പ്രാഥമിക പഠന റിപ്പോർട്ടിലും സാധ്യതാ പഠന റിപ്പോർട്ടിലുമുള്ള വൈരുധ്യം തെളിവടക്കം ചൂണ്ടിക്കാട്ടി ജയരാമൻ സിസ്ട്രയുടെ പാരീസ് ആസ്ഥാനത്തേക്ക് ജനുവരി അഞ്ചിനാണ് ആദ്യ ഇ- മെയിൽ അയച്ചത്. ഡാറ്റകളിലെ കൃത്രിമം പറഞ്ഞ് ജനുവരി 13 ന് വീണ്ടും മെയിൽ അയച്ചു. ജയരാമന്‍റെ കത്ത് സിസ്ട്രയുടെ ഇന്ത്യൻ വിഭാഗത്തിന് കൈമാറി. ഫെബ്രുവരി മൂന്നിന് ജയരാമനോട് സിസ്ട്ര ഇന്ത്യയിലെ ഉദ്യോഗസ്ഥൻ കൂടുതൽ സമയം ആവശ്യപ്പെട്ടു. പക്ഷേ, ഉദ്യോഗസ്ഥന്‍റെ നിരുത്തരവാദ പെരുമാറ്റത്തെ തുടർന്നാണ് ജയരാമൻ കണ്ടെത്തലുകൾ പരസ്യമാക്കിയത്. 2019 മാർച്ച് 18 ലെ പ്രാഥമിക സാധ്യത പഠന റിപ്പോർട്ടിനും മേയ് 15 ലെ അന്തിമ റിപ്പോർട്ടിനും ഇടയിൽ യാത്രക്കാരുടെ എണ്ണത്തെക്കുറിച്ച് സിസ്ട്ര പ്രവചനം ഇരട്ടിയാക്കി.

പദ്ധതിച്ചെലവ് കുറക്കാനെന്ന വ്യാജേന അലൈൻമെന്‍റിൽ മാറ്റം വരുത്തി. സാധ്യതാ റിപ്പോർട്ടിലും ഡി.പി.ആറിലും മണ്ണിട്ടുയർത്തി പണിയുന്ന പാലങ്ങളുടെ (എംബാങ്ക്മെന്‍റ്) നീളം ഗണ്യമായി കൂട്ടി. യൂനിറ്റ് ചെലവിൽ വരുത്തിയ കൂട്ടലും കുറയ്ക്കലും അടിസ്ഥാനമില്ലാത്തതും അശാസ്ത്രീയവുമാണ്. സിൽവർ ലൈൻ സ്റ്റാൻഡേർഡ് ഗേജ് ആക്കുന്നത് പദ്ധതി വിജയസാധ്യതയെ ബാധിക്കുമെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. എന്നാൽ, ചർച്ചാവേളയിൽ കെ.ആർ.ഡി.സി.എൽ സ്റ്റാൻഡേർഡ് ഗേജ് തന്നെ വേണമെന്ന് ഉറപ്പിച്ച് പറഞ്ഞതിനാൽ അങ്ങനെ ശിപാർശ ചെയ്തുവെന്ന് അന്തിമ റിപ്പോർട്ടിൽ സിസ്ട്ര സമ്മതിക്കുന്നു.

Tags:    
News Summary - K-Rail: Systra twisted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.