കണ്ണൂർ: സി.പി.ഐ നേതാവ് ഇ. ചന്ദ്രശേഖരൻ എം.എൽ.എയെ ആക്രമിച്ച കേസിലെ ബി.ജെ.പി-ആര്‍.എസ്.എസ് പ്രതികള്‍ക്കുവേണ്ടി സി.പി.എമ്മിലെ ഉന്നത നേതാക്കൾ ഇടപെട്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി. ബി.ജെ.പി-സി.പി.എം ഒത്തുകളി പുറത്തായിട്ടും സി.പി.ഐ എന്തിനാണ് സി.പി.എമ്മിനെ ചുമക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം എൽ.ഡി.എഫിന്റെ ഭാഗമായതുമുതല്‍ സി.പി.ഐയെ മുന്നണിയിലും പൊതുജനമധ്യത്തിലും കൊച്ചാക്കിക്കാണിക്കാൻ സി.പി.എം ശ്രമിച്ചിട്ടുണ്ട്. സി.പി.ഐയുടെ വകുപ്പുകളില്‍ മുഖ്യമന്ത്രി കൈകടത്തുന്നതും അതിന്റെ ഭാഗമാണ്.
തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ 2016ലാണ് ഇ. ചന്ദ്രശേഖരനെ ആക്രമിച്ചത്. സി.പി.എം ജില്ല കമ്മിറ്റി അംഗവും ലോക്കല്‍ കമ്മിറ്റി അംഗവും പൊലീസിന് നല്‍കിയ മൊഴികളില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ പേരുണ്ട്. എന്നാല്‍, ബി.ജെ.പി സമ്മർദത്തിനുവഴങ്ങി സി.പി.എം മൊഴി അട്ടിമറിച്ചു. സി.പി.എമ്മും ആർ.എസ്.എസും പരസ്പര സഹായ സഹകരണ സംഘങ്ങളെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ കൂറുമാറ്റമെന്നും സുധാകരൻ വാർത്തക്കുറിപ്പിൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.