തിരുവനന്തപുരം: മന്ത്രി വി. ശിവൻകുട്ടിയെ അവഹേളിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. തറ ഗുണ്ട കേരളത്തിന്‍റെ വിദ്യാഭ്യാസ മന്ത്രിയായെന്ന് കെ. സുധാകരൻ പറഞ്ഞു. പുത്തൻ തലമുറക്ക് റോൾ മോഡൽ ആകേണ്ട ആളാണ് മന്ത്രി. സംസ്കാര സമ്പന്നനായ വിദ്യാഭ്യാസ മന്ത്രിയുടെ സ്ഥാനത്താണ് ആഭാസത്തരം മാത്രം കൈമുതലായ ശിവൻകുട്ടി ഇരിക്കുന്നതെന്നും സുധാകരൻ കുറ്റപ്പെടുത്തി.
ഒരു മന്ത്രിക്ക് പൊതുമുഖം വേണം. പരിപാവനമായ നിയമസഭക്കുള്ളിൽ ഗുണ്ടായിസം കാണിച്ച, ഉടുമുണ്ട് പൊക്കി സ്പീക്കറുടെ ഡയസ് അടിച്ചു തകർത്ത ഗുണ്ടയാണ് ശിവൻകുട്ടി. സംസ്കാരമുള്ളവർക്ക് ഇത് ഉൾക്കൊള്ളാൻ സാധിക്കില്ലെന്നും സുധാകരൻ വ്യക്തമാക്കി.
മറ്റൊരു ശിവൻകുട്ടിയായ മുഖ്യമന്ത്രി പിണറായി വിജയന് ഇത് ഉൾക്കൊള്ളാൻ സാധിക്കും. മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി ന്യായീകരിക്കുകയാണ്. മന്ത്രി രാജിവെക്കേണ്ടി വന്നാൽ മുഖ്യമന്ത്രി രാജിവെക്കേണ്ട കീഴ് വഴക്കമുണ്ടാകും.
എസ്.എൻ.സി ലാവലിൻ കേസിൽ സുപ്രീംകോടതിയുടെ പരാമർശം ഏത് സമയത്തും വരാം. ഈ ഭയത്തിൽ കഴിയുന്ന മുഖ്യമന്ത്രി മന്ത്രി ശിവൻകുട്ടിക്ക് സംരക്ഷണത്തിന്‍റെ മൂടുപടം ധരിപ്പിക്കുകയാണ്. നിയമത്തിന്‍റെയോ സംസ്കാരത്തിന്‍റെയോ ആനുകൂല്യം നൽകിയാണ് ശിവൻകുട്ടിയെ മുഖ്യമന്ത്രി ന്യായീകരിക്കുന്നത്.
നിയമസഭയിൽവെച്ച് എം.വി രാഘവന്‍റെ നാഭിക്ക് ചവിട്ടിയ നാണവും മാനവും സംസ്കാരവുമില്ലാത്ത എം.എൽ.എമാരെ ഉൾക്കൊള്ളുന്ന സി.പി.എമ്മിന് ശിവൻകുട്ടിയെ സംരക്ഷിക്കാം. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ കുപ്രസിദ്ധി നേടിയവരാണ് സി.പി.എം നേതാക്കളെന്നും കെ. സുധാകരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.