കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ മരണത്തിന്‍റെ വ്യാപാരിയെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ. കോവിഡ് പ്രോട്ടോക്കോൾ ലംഘനം നടത്തിയ മുഖ്യമന്ത്രി ഗുരുതര ചട്ടലംഘനമാണ് നടത്തിയതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.
സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്‍റെ ആദ്യഘട്ടത്തിൽ കോവിഡ് ബാധിച്ച ഇടുക്കിയിലെ കോൺഗ്രസ് നേതാവിനെയും വാളയാർ അതിർത്തിയിൽ നാട്ടുകാരെ സഹായിക്കാൻ പോയ യു.ഡി.എഫ് ജനപ്രതിനിധികളെയും അധിക്ഷേപിക്കാൻ പിണറായി ഉപയോഗിച്ചത് മരണത്തിന്‍റെ വ്യാപാരിയെന്നതായിരുന്നു. എന്നാൽ താൻ ഉപയോഗിച്ച വാക്പ്രയോഗം പിണറായിയെ ഇപ്പോൾ തിരിഞ്ഞ് കൊത്തുകയാണെന്നും സുധാകരൻ പറഞ്ഞു.
ഏപ്രിൽ നാലു മുതൽ കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്ന് കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ വ്യക്തമാക്കിയിട്ടും ക്വാറൻ്റീനിൽ പോവാതെ ധർമ്മടത്തെ റോഡ് ഷോയിൽ പങ്കെടുക്കുകയും ഏപ്രിൽ ആറിന് വോട്ട് ചെയ്യുകയും നിരവധി പേരുമായി ഇടപഴകുകയും ചെയ്തത് പ്രോട്ടോക്കോൾ ലംഘനം അല്ലെയെന്നും അദ്ദേഹം ചോദിക്കുന്നു.
ശരിയായ രീതിയിൽ മാസ്ക് ധരിച്ചില്ലയെന്ന കാരണത്താൽ പാവപ്പെട്ടവരുടെ പോക്കറ്റടിക്കുന്ന പൊലീസിനെ നിയന്ത്രിക്കുന്ന പിണറായിക്ക് ഈ നാട്ടിലെ നിയമങ്ങൾ ബാധകമല്ലേ?. കോവിഡ്കാല കേരളത്തെ ഭാവി തലമുറ ഓർത്തെടുത്ത് വിലയിരുത്തുമ്പോൾ പിണറായിക്ക് ചാർത്താൻ മരണത്തിന്‍റെ വ്യാപാരി എന്ന ഒരു പേര് കൂടിയുണ്ടാവുമെന്ന് പറഞ്ഞാണ് സുധാകരൻ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ആരാണ് യഥാർത്ഥത്തിൽ മരണത്തിന്‍റെ വ്യാപാരി?
കോവിഡ് മഹാമാരിയുടെ വിറങ്ങലിച്ച കാലത്ത് യു.ഡി.എഫിനു നേരെ പിണറായി അടക്കമുള്ള സി.പി.എം നേതാക്കൻമാരും, സൈബർ സഖാക്കളും ബോധപൂർവ്വം സൃഷ്ടിച്ചെടുത്ത അക്ഷേപമായിരുന്നു മരണത്തിൻ്റെ വ്യാപാരിയെന്ന പ്രയോഗം. ലോക മഹാമാരിയായ കോവിഡിനെതിരെ ഒന്നിച്ച് നിന്ന് പോരാടുന്നതിന് പകരം എതിർ ശബ്ദങ്ങളെ അടിച്ചമർത്താനാണ് കോവിഡ് കാലം പിണറായി ഉപയോഗിച്ചത്. എതിരാളികളെ മാത്രമല്ല കൂടെനിൽക്കുന്നതിൽ നാളെ തനിക്ക് ഭീഷണിയാവുമെന്ന് കരുതുന്നവരെയും ഒതുക്കുവാൻ കോവിഡ് രാഷ്ടീയത്തെ സമർത്ഥമായി പിണറായി ഉപയോഗിച്ചുവെന്നതാണ് ചരിത്രം.
സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്‍റെ ആദ്യഘട്ടത്തിൽ കോവിഡ് ബാധിച്ച ഇടുക്കിയിലെ കോൺഗ്രസ് നേതാവിനെയും, വാളയാർ അതിർത്തിയിൽ നാട്ടുകാരെ സഹായിക്കാൻ പോയ യു.ഡി.എഫ് ജനപ്രതിനിധികളെയും അധിക്ഷേപിക്കാൻ പിണറായി ഉപയോഗിച്ചത് മരണത്തിന്‍റെ വ്യാപാരിയെന്നതായിരുന്നു. സി.പി.എം നേതാക്കൻമാരും, സൈബർ സഖാക്കളും ഇത് ഏറ്റ് പാടി പ്രബുദ്ധ കേരളത്തെ മലീനസപ്പെടുത്തി.
എന്നാൽ താൻ ഉപയോഗിച്ച വാക്ക് പ്രയോഗം പിണറായിയെ ഇപ്പോൾ തിരിഞ്ഞ് കൊത്തുകയാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മാതൃക ആവേണ്ട മുഖ്യമന്ത്രി തന്നെ കോവിഡ് പ്രോട്ടോക്കോൾ ലംഘനം നടത്തിയിരിക്കുന്നു. ഏപ്രിൽ നാലു മുതൽ കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്ന് കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും ക്വാറൻ്റീനിൽ പോവാതെ ധർമ്മടത്തെ റോഡ് ഷോയിൽ പങ്കെടുത്ത മുഖ്യമന്ത്രിയുടെ പ്രവൃത്തി ശരിയാണോ? ഏപ്രിൽ ആറിന് വോട്ട് ചെയ്യുകയും നിരവധി പേരുമായി ഇടപഴുകിയത് കോവിഡ് പ്രോട്ടോക്കോൾ ലംഘനം അല്ലെ ...? രോഗം സ്ഥിരീകരിച്ച ശേഷം കോവിഡ് നെഗറ്റീവായ ഭാര്യയോടൊപ്പം മെഡിക്കൽ കോളജിലേക്ക് യാത്ര ചെയ്തതിനെ നിങ്ങൾ എങ്ങനെയാണ് ന്യായികരിക്കുക?
കോവിഡ് പ്രോട്ടോക്കോൾ ലംഘനം നടത്തിയ മുഖ്യമന്ത്രി ഗുരുതരമായ ചട്ടലംഘനമാണ് നടത്തിയിരിക്കുന്നത്. ശരിയായ രീതിയിൽ മാസ്ക് ധരിച്ചില്ലായെന്ന കാരണത്താൽ പാവപ്പെട്ടവരുടെ പോക്കറ്റടിക്കുന്ന പൊലിസിനെ നിയന്ത്രിക്കുന്ന പിണറായിക്ക് ഈ നാട്ടിലെ നിയമങ്ങൾ ബാധകമല്ലെ? പി.ആർ.ഡി യുടെ ചമയങ്ങളാൽ കോവിഡ് കാലത്ത് പകർന്നാടിയ പിണറായിയുടെ പൊയ്മുഖം അടർന്ന് വീണിരിക്കുന്നു. വൈകുന്നേരങ്ങളിൽ ചാനലുകൾക്ക് മുമ്പിലെ പിണറായിയുടെ അഭിനയം കേരള ജനത തിരിച്ചറിഞ്ഞിരിക്കുന്നു. കോവിഡ്കാല കേരളത്തെ ഭാവി തലമുറ ഓർത്തെടുത്ത് വിലയിരുത്തുമ്പോൾ പിണറായിക്ക് ചാർത്താൻ ഒരു പേര് കൂടിയുണ്ടാവും 'മരണത്തിന്‍റെ വ്യാപാരി'.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.