കണ്ണൂർ: ലോകം മുഴുവനുള്ള മലയാളികൾ ഉദാരമായി നാടിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ പ്രളയ സഹായത്തെ കുറിച്ച് ഇപ്പോൾ ഉയർന്നു വരുന്ന ചോദ്യങ്ങളിൽ കൃത്യമായ മറുപടി കൊടുക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. അതിന് പകരം, സൈബറിടത്ത് മാലിന്യങ്ങൾ മാത്രം പരത്തി ജീവിക്കുന്ന ആ കൃമികീടങ്ങളെ ഉപയോഗിച്ച് ജനങ്ങളെ വീണ്ടും പ്രകോപിപ്പിക്കുകയല്ല വേണ്ടത്. താനോ കേരളമൊട്ടാകെയുള്ള തന്റെ സഖാക്കളോ ജനങ്ങളിൽ നിന്ന് പിരിക്കുന്ന ഫണ്ടിൽ ഇനിയും കയ്യിട്ട് വാരില്ലെന്ന് ജനങ്ങൾക്ക് മുഖ്യമന്ത്രി ഉറപ്പ് കൊടുക്കണം -സുധാകരൻ പറഞ്ഞു.
ദുരന്ത ഭൂമിയിലേക്ക് ആദ്യ ദിവസങ്ങളിൽ ഭക്ഷണവും വസ്ത്രങ്ങളും ഒക്കെ എത്തിച്ചവരുടെ രാഷ്ട്രീയം നോക്കിയിട്ട് ഇനിമുതൽ അത് വേണ്ട എന്ന് സർക്കാർ പ്രഖ്യാപിച്ചത് അങ്ങേയറ്റത്തെ ക്രൂരതയാണ്. ഈ സമയത്തും വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളിലെ രാഷ്ട്രീയ ലാഭത്തെ പറ്റിയാണ് സി.പി.എമ്മും വിജയനും ചിന്തിച്ചത്. ദുരന്തമുഖത്ത് കൊടിയുടെ നിറം നോക്കി പ്രവർത്തിക്കുന്നത് അവസാനിപ്പിക്കണം.
100 വീടുകൾ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നിർമിച്ചു നൽകും. മുൻപ് പ്രളയം നടന്നപ്പോൾ പാർട്ടി പ്രഖ്യാപിച്ച 1000 വീടുകൾ, വലിയ ഹൃദയമുള്ള ഒരുപാട് പ്രവർത്തകരുടെ അധ്വാനം കൊണ്ട് മാത്രമാണ് പൂർത്തീകരിക്കാൻ കഴിഞ്ഞത്. ദുരന്തമുഖത്ത് രാഷ്ട്രീയം പറയാൻ ഞങ്ങളില്ല. നരഭോജി പാർട്ടിയുടെ സർട്ടിഫിക്കറ്റും ഞങ്ങൾക്ക് വേണ്ട. സർക്കാരിന്റെ വീഴ്ചകൾ ഓരോ ദിവസവും നാട്ടുകാർ ചൂണ്ടിക്കാണിക്കുമ്പോഴും അതൊരു വിഷയമായി ഞങ്ങൾ ഉയർത്താത്തത് കോൺഗ്രസ് പ്രസ്ഥാനം പുലർത്തുന്ന ഉന്നതമായ രാഷ്ട്രീയമൂല്യങ്ങൾ കൊണ്ടാണ്.
കർണാടകയിലെ ഷിരൂരിൽ നടന്ന സംഭവത്തിൽ, ഇവിടുത്തെ ചില അധമ മാധ്യമപ്രവർത്തകരെ കൂട്ടുപിടിച്ചു സി.പി.എം നടത്തിയ ഏറ്റവും മ്ലേച്ഛമായ നുണപ്രചാരണങ്ങൾ ഇന്ത്യ രാജ്യം മുഴുവൻ കണ്ടതാണ്. ഇന്നാട്ടിലെയും അയൽ സംസ്ഥാനത്തെയും മനുഷ്യരെ മുഴുവൻ, വെറുപ്പിന്റെ നാറുന്ന സി.പി.എം രാഷ്ട്രീയം കൊണ്ട് ഭിന്നിപ്പിക്കാൻ ശ്രമിച്ചത് നാട് മറക്കില്ല.100 വീടുകൾ നിർമിച്ചു നൽകുമെന്ന് കർണാടക സർക്കാർ അറിയിച്ചിട്ടുണ്ട്. വയനാടിനെയും മലയാളികളെയും നെഞ്ചോട് ചേർത്ത കർണാടക സർക്കാരിന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.