‘പണം നൽകുമ്പോൾ സുധാകരൻ അവിടെയുണ്ടായിരുന്നു’; ആരോപണത്തിൽ ഉറച്ച് പരാതിക്കാര്‍

തൃശൂർ: മോൻസന് പണം നൽകുമ്പോൾ കെ. സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്ന ആരോപണത്തിൽ ഉറച്ച് പരാതിക്കാര്‍. തൃശൂർ സ്വദേശികളായ അനൂപും ഷാനിമോനുമാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. സുധാകരനെതിരെ രാഷ്ട്രീയപരമായി ഒരുവിദ്വേഷവും തങ്ങൾക്കില്ലെന്ന് ഇരുവരും മാധ്യമപ്രവർത്തകരോട് പറഞ്ഞു.

എന്നാൽ, മോൻസന്‍റെ അടുത്ത് സുധാകരൻ ചികിത്സക്ക് പോയതാണെങ്കിൽ മരുന്ന് കുറിപ്പടി ഉണ്ടാകില്ലേ? അത്‌ പുറത്ത് വിട്ടാൽ പ്രശ്നം തീരില്ലേ? വേറെ ബന്ധമൊന്നും ഇല്ലെങ്കിൽ മോൻസനെതിരെ പരാതി കൊടുക്കാൻ സുധാകരൻ മടിക്കുന്നതെന്തിനാണെന്ന് ഷാനി ചോദിച്ചു. കേസിൽ ഇപ്പോൾ പ്രതി ചേർക്കപ്പെട്ട ലക്ഷ്മണക്കും സുരേന്ദ്രനും അടക്കം മോൻസന്‍ പണം നൽകിയതിന് രേഖകളും ബാങ്ക് സ്റ്റേറ്റ്മെന്‍റുകളും ഉണ്ട്. അത്‌ അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ടെന്നും ഷാനി പറഞ്ഞു. 

അന്വേഷണം തൃപ്തികരമല്ലെന്ന് പരാതിക്കാരൻ

കോഴിക്കോട്: മോൺസൺ മാവുങ്കലിന്‍റെ നേതൃത്വത്തിൽ നടന്ന പുരാവസ്തു തട്ടിപ്പിൽ അന്വേഷണം തൃപ്തികരമല്ലെന്നും മോൺസണിൽ നിന്ന് പണം കൈപ്പറ്റിയ പൊലീസുകാരെയും കേസിൽ പ്രതിചേർക്കണമെന്നും പരാതിക്കാരിലൊരാളായ പന്തീരാങ്കാവ് സ്വദേശി എം.ടി. ഷമീർ ‘മാധ്യമ’ത്തോട് പറഞ്ഞു. മോൺസന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം കൈപ്പറ്റിയ രണ്ട് ഇൻസ്പെക്ടർമാർ അടക്കമുള്ളവരുടെ വിവരങ്ങൾ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.

എന്നാൽ, ഇതിൽ നടപടിയുണ്ടായിട്ടില്ല. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പിയെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയുമെല്ലാം പ്രതികളാക്കിയത് സ്വാഗതാർഹമാണ്. തട്ടിപ്പിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നേരത്തേ ഹൈകോടതിയെ സമീപിച്ചിരുന്നു. ഈ കേസ് 15ന് പരിഗണിക്കാനിരിക്കെയാണ് കൂടുതൽ പേരെ പ്രതിചേർത്തിരിക്കുന്നത്.

കെ. സുധാകൻ നേരത്തേ പറഞ്ഞത് ഒന്നും അറിയില്ലെന്നായിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രതികരണങ്ങളിൽനിന്ന് കൂടുതൽ കാര്യങ്ങൾ പുറത്തുവരുന്നുണ്ടെന്നും ഷമീർ കൂട്ടിച്ചേർത്തു.

Tags:    
News Summary - K Sudhakaran in Monson Mavunkal Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.