കെ. സുധാകരൻ പാപ്പരല്ല, അപകീർത്തിക്കേസിനൊപ്പം 3.43 ലക്ഷം കെട്ടിവെക്കണമെന്ന് കോടതി

തലശ്ശേരി: കെ.പി.സി.സി പ്രസിഡന്റും എം.പിയുമായ കെ. സുധാകരൻ പാപ്പരല്ലെന്നും അതിനാൽ അപകീർത്തിക്കേസിനൊപ്പം കെട്ടിവെക്കാനുള്ള 3.43 ലക്ഷം രൂപ 15 ദിവസത്തിനകം അടക്കണമെന്നും കോടതി. 1998ലെ അപകീർത്തിക്കേസിനൊപ്പം നൽകിയ പാപ്പർ ഹരജി തള്ളിയാണ് തലശ്ശേരി അഡീഷനൽ സബ്‌ കോടതിയുടെ ഉത്തരവ്.

1995ലെ ഇ.പി. ജയരാജൻ വധശ്രമക്കേസിൽ അന്യായമായി അറസ്‌റ്റ്‌ ചെയ്‌തെന്ന് ആരോപിച്ച്‌ 50 ലക്ഷം നഷ്‌ടപരിഹാരം ആവശ്യപ്പെട്ട്‌ നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്. മാനനഷ്ട കേസിനൊപ്പം കെട്ടിവെക്കേണ്ട 3.43 ലക്ഷം ഇല്ലെന്ന് ചൂണ്ടിക്കാട്ടി പാപ്പർ ഹരജിയും കൂടെ സമർപ്പിച്ചു. പിന്നീട് വന്ന യു.ഡി.എഫ് സർക്കാർ അനുകൂല നിലപാടെടുത്തതോടെ ഹരജി കോടതി അംഗീകരിക്കുകയും ചെയ്തു. ഏറെക്കാലം അനങ്ങാതെ കിടന്ന കേസാണ് കഴിഞ്ഞവർഷം വീണ്ടും സജീവമായത്.

പത്ത്‌ വീതം മുണ്ടും ഷർട്ടും അഞ്ച് പാന്റും ഒരു സ്വർണമോതിരവും ഒരു മാലയും വാച്ചും രണ്ട്‌ തോർത്തും ഒരു ജോടി ചെരിപ്പും അംബാസഡർ കാറുമടക്കം 2,58,800 രൂപയുടെ ആസ്‌തി മാത്രമാണ്‌ തനിക്കുള്ളതെന്ന് സുധാകരൻ കോടതിയെ അറിയിച്ചു. ലോക്സഭാംഗമെന്ന നിലയിലുള്ള വരുമാനമടക്കമുള്ള രേഖകളും എം.എൽ.എ പെൻഷനും സ്വത്ത്‌ വകകളുടെ വിവരങ്ങളും അഡീഷനൽ ഗവ.പ്ലീഡർ സി. പ്രകാശനും കോടതിയിൽ ഹാജരാക്കി. ഇതോടെയാണ് പാപ്പർ ഹരജി കോടതി തള്ളിയത്.

സി.പി.എം പാർട്ടി കോൺഗ്രസ്‌ കഴിഞ്ഞ്‌ നാട്ടിലേക്ക്‌ മടങ്ങുകയായിരുന്ന ഇ.പി. ജയരാജനെ വാടകക്കൊലയാളികളെ ഉപയോഗിച്ച്‌ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ അറസ്‌റ്റ്‌ ചെയ്‌തതിനെതിരെയാണ്‌ കെ. സുധാകരൻ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടത്‌.

Tags:    
News Summary - K. Sudhakaran is not Paper, court asks him to deposit 3.43 lakhs with defamation case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.