തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയില്‍ നിന്നും മലക്കം മറിഞ്ഞസ്ഥിതിക്ക് ഭൂമിയേറ്റെടുക്കലിനായി പ്രഖ്യാപിച്ച വിജ്ഞാപനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. ഭൂമിയേറ്റെടുക്കല്‍ വിജ്ഞാപനം നിലനില്‍ക്കുന്നത് കാരണം പലര്‍ക്കും അവരുടെ ഭൂമി ക്രയവിക്രയം ചെയ്യാനോ അവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനോ ബാങ്ക് വായ്പ ലഭിക്കുന്നതിനോ സാധിക്കാത്ത സ്ഥിതിയാണുള്ളത്. കൂടാതെ പ്രതിഷേധക്കാര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാനും തയാറാകണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
ജനവിരുദ്ധവും നാടിനും പരിസ്ഥിതിക്കും ആപത്തുമായ കെ. റെയില്‍ പദ്ധതി മരവിപ്പിച്ച് സര്‍ക്കാര്‍ യുടേണ്‍ എടുത്തത് കോണ്‍ഗ്രസിന്‍റെയും യു.ഡി.എഫിന്‍റെയും പ്രതിഷേധം ഫലം കണ്ടത് കൊണ്ടാണ്. ഭൂമി ഏറ്റെടുക്കാന്‍ നിയോഗിച്ച ഉദ്യോഗസ്ഥരെ തിരികെ വിളിക്കാനുള്ള റവന്യൂ വകുപ്പ് ഉത്തരവ് അതിന്റെ ആദ്യഘട്ടവിജയം. പാരിസ്ഥിതിക പഠനം, സാമൂഹികാഘാത പഠനം, ഡി.പി.ആര്‍ തുടങ്ങി വ്യക്തമായ യാതൊരു തയാറെടുപ്പുമില്ലാതെയാണ് സര്‍ക്കാര്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കായി എടുത്ത് ചാടിയത്. കേന്ദ്രാനുമതി കിട്ടിയ ശേഷം പദ്ധതി തുടങ്ങുമെന്ന് ഇപ്പോള്‍ വീമ്പ് പറയുന്നത് ജാള്യത മറക്കാനാണെന്നും സുധാകരന്‍ പറഞ്ഞു.
സര്‍ക്കാര്‍ ഖജനാവില്‍ നിന്നും 56.69 കോടിയാണ് ഒട്ടും പ്രായോഗികമല്ലാത്ത സില്‍വര്‍ലൈന്‍ പദ്ധതിക്കായി പൊടിച്ചത്. തട്ടിക്കൂട്ട് ഡി.പി.ആര്‍ തയാറാക്കിയ ജനറല്‍ കണ്‍സള്‍ട്ടന്‍സിയായ ഫ്രഞ്ച് കമ്പനി സിസ്ട്രക്ക് ഇതുവരെ നല്‍കിയത് 22.27 കോടിയാണ്. കൈപുസ്തകം, സംവാദം, പ്രചരണം, ശമ്പളം തുടങ്ങിയവക്കായി കോടികള്‍ ചെലവാക്കി. ഇതെല്ലാം ഖജനാവിലേക്ക് തിരിച്ചടച്ച് പൊതുസമൂഹത്തോട് മാപ്പുപറയാന്‍ മുഖ്യമന്ത്രി തയാറാകണം. ജനങ്ങള്‍ക്ക് വേണ്ടാത്ത പദ്ധതിയുമായി വന്നാല്‍ അതു നടപ്പാക്കാന്‍ സമ്മതിക്കില്ലെന്ന് കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയതാണ്. അന്നത് മുഖവിലക്കെടുക്കാത്ത സര്‍ക്കാരിന് ഇന്ന് നാണം കെട്ട് പിന്‍മാറേണ്ടിവന്നു. അധികാരം ജനങ്ങളെ ദ്രോഹിക്കാനുള്ളതെന്ന വെളിവ് ഇനിയെങ്കിലും മുഖ്യമന്ത്രിക്ക് ഉണ്ടാകണമെന്നും സുധാകരന്‍ പറഞ്ഞു.
'കെ. റെയില്‍ വേണ്ട, കേരളം മതി' എന്ന മുദ്രാവാക്യവും സര്‍വെകല്ലുകള്‍ പിഴുതെറിയാനുള്ള കോണ്‍ഗ്രസ് ആഹ്വാനവും ജനം ഏറ്റെടുത്തതിന്റെയും വിജയം കൂടിയാണിത്. കുറ്റിയിടല്‍, പൊലീസിന്റെ ബൂട്ട് പ്രയോഗം, സ്ത്രീകളെയും കുട്ടികള്‍ക്കുമെതിരെ കൈയ്യേറ്റം, തട്ടിക്കൂട്ട് സംവാദം, പ്രതിഷേധിച്ചാല്‍ പല്ല് തെറിപ്പിക്കുമെന്ന വെല്ലുവിളി, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഗീര്‍വാണം അങ്ങനെയെന്താല്ലാം പുകിലാണ് സര്‍ക്കാര്‍ സില്‍വര്‍ലൈന്‍ പദ്ധതിയുടെ പേരില്‍ കാട്ടികൂട്ടിയത്.
ഇതിനെല്ലാം സി.പി.എമ്മും എൽ.ഡി.എഫും പരസ്യമായി മാപ്പുപറയണം. ജനങ്ങളെ വെല്ലുവിളിച്ച് ധാര്‍ഷ്ട്യത്തോടെ ഏകപക്ഷീയ നടപടി സ്വീകരിച്ചത് കൊണ്ടാണ് പ്രക്ഷോഭങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാരിന് മുട്ടുമടക്കേണ്ടി വന്നത്. പദ്ധതി പൂര്‍ണമായി ഉപേക്ഷിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതുവരെ കോണ്‍ഗ്രസ് സമര രംഗത്തുണ്ടാകുമെന്നും കെ. സുധാകരന്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.