തിരുവനന്തപുരം: കെ. സുധാകരൻ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങിവരുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നീങ്ങി. ബുധനാഴ്ച സുധാകരൻ ചുമതലയേൽക്കും. ചുമതല തിരികെ ലഭിക്കാത്തതിൽ കെ. സുധാകരൻ കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയും പ്രശ്നം പൊട്ടിത്തെറിയിലേക്ക് നീങ്ങുമെന്ന നില വരുകയും ചെയ്തതോടെ ഹൈകമാൻഡ് ഇടപെട്ടാണ് തിരിച്ചുവരവിന് വഴിയൊരുക്കിയത്. ഏതുസമയത്തും ചുമതല ഏറ്റെടുക്കാനുള്ള നിർദേശം ഹൈകമാൻഡിൽനിന്ന് ലഭിച്ചതായി കെ. സുധാകരൻ പറഞ്ഞു. കണ്ണൂരിൽ സ്ഥാനാർഥിയായതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് കഴിയുംവരെ യു.ഡി.എഫ് കൺവീനർ എം.എം. ഹസന് ചുമതല കൈമാറിയത്. എന്നാൽ, വോട്ടെടുപ്പ് കഴിഞ്ഞ ശേഷവും ചുമതല തിരികെ ലഭിച്ചില്ല. കഴിഞ്ഞ ദിവസം കെ.പി.സി.സി നേതൃയോഗത്തിൽ ചുമതല ഏറ്റെടുക്കാനൊരുങ്ങിയ കെ. സുധാകരനെ അമ്പരപ്പിച്ച് എം.എം. ഹസനോട് തെരഞ്ഞെടുപ്പ് ഫലം വരുംവരെ തുടരാൻ നിർദേശിക്കുകയായിരുന്നു.
കെ.പി.സി.സി അധ്യക്ഷ പദവിയിൽ നിന്ന് തന്നെ പുറത്താക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് മനസ്സിലാക്കിയ കെ. സുധാകരൻ, അപമാനിച്ച് പുറത്താക്കിയാൽ കടുത്ത പ്രതികരണം നടത്തേണ്ടിവരുമെന്ന് നേതൃത്വത്തെ അറിയിച്ചു. തുടർന്ന് സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഇടപെട്ടാണ് കെ. സുധാകരന് തിരികെ വരാൻ അവസരമൊരുക്കിയത്. പ്രസിഡന്റ് പദവിയെ ചൊല്ലി പാർട്ടിയിൽ തർക്കമില്ലെന്നാണ് കെ.പി.സി.സി വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.