കെ. മുരളീധരനെ ഇന്ന് കാണില്ല; തൃശൂർ സീറ്റിലെ തോൽവിയിൽ അന്വേഷണം തുടങ്ങിയെന്ന് കെ. സുധാകരൻ

കോഴിക്കോട്: തൃശൂർ ലോക്സഭ സീറ്റിലെ തോൽവിയിൽ അന്വേഷണം തുടങ്ങിയെന്ന് കെ. സുധാകരൻ. അന്വേഷണ കമീഷന്‍റെ റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമെങ്കിൽ നടപടി സ്വീകരിക്കുമെന്നും സുധാകരൻ വ്യക്തമാക്കി.

കെ. മുരളീധരനെ വയനാട്ടിൽ മത്സരിപ്പിക്കുന്നതിൽ തടസമില്ല. വേണമെങ്കിൽ കെ.പി.സി.സി അധ്യക്ഷസ്ഥാനം മുരളീധരന് നൽകാം. മുരളീധരനുമായി ഇന്ന് കൂടിക്കാഴ്ച നടത്തില്ലെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

മുരളീധരൻ എന്തിനും യോഗ്യനാണ്. മുരളീധരന്‍റെ കാര്യത്തിൽ അഭിമാനമുണ്ട്. ഏത് പദവി കൊടുത്താലും അദ്ദേഹം ഭംഗിയായി കൊണ്ടുനടക്കുമെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. 

അതിനിടെ, പൊതുപ്രവർത്തനത്തിൽ നിന്ന് മാറിനിൽക്കുകയാണെന്ന കെ. മുരളീധരന്‍റെ നിലപാടിനെ മയപ്പെടുത്താനുള്ള നീക്കം കെ.സി. വേണുഗോപാലും കെ. സുധാകരനും ഉൾപ്പെടെയുള്ളവർ ആരംഭിച്ചിട്ടുണ്ട്. മുരളീധരനെ ആശ്വസിപ്പിക്കാൻ പുതിയ പദവി ഉൾപ്പെടെ കോൺഗ്രസിൽ ചർച്ചയാണ്.

മൂന്നു സാധ്യതകളാണ് മുന്നിലുള്ളത്. വയനാട് രാഹുൽ ഗാന്ധി ഒഴിയുകയാണെങ്കിൽ അവിടെ മത്സരിക്കാം. യു.ഡി.എഫ് കൺവീനർ, കെ.പി.സി.സി പ്രസിഡന്‍റ് പദവികളാണ് പിന്നെയുള്ളത്. സംസ്ഥാന രാഷ്ട്രീയത്തിൽ നിലയുറപ്പിക്കാൻ ആഗ്രഹിക്കുന്ന മുരളിക്ക് അതിൽ താൽപര്യവുമുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

മുസ്ലിം ലീഗ് ഉൾപ്പെടെ സഖ്യകക്ഷികളുടെ പിന്തുണയും മുരളീധരനുണ്ട്. കോൺഗ്രസ് നേതൃത്വം മുരളിയെ നിരാശപ്പെടുത്തരുതെന്ന പ്രതികരണവുമായി പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്തുവന്നിട്ടുണ്ട്. വടകരയിൽ ജയിക്കാമെന്ന വിശ്വാസത്തിലായിരുന്ന മുരളീധരനെ രായ്ക്കുരാമായനമാണ് തൃശൂരിലേക്ക് മാറ്റിയത്. നേതൃത്വം പറഞ്ഞപ്പോൾ നേമത്തും വടകരയിലും ഇപ്പോൾ തൃശൂരിലും ധീരമായി വെല്ലുവിളി ഏറ്റെടുത്ത പോരാളിയെന്ന പ്രതിച്ഛായയാണ് കെ. മുരളീധരന് പൊതുവിലുള്ളത്.

Tags:    
News Summary - K Sudhakaran said that investigation has started in the defeat of Thrissur seat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.