പാലക്കാട്ട് ഫുള്‍ കോണ്‍ഫിഡന്‍സ്, ചേലക്കരയില്‍ കോൺഗ്രസിന് അട്ടിമറി വിജയം -കെ. സുധാകരന്‍

പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ പാലക്കാടും ചേലക്കരയിലും യു.ഡി.എഫ് സ്ഥാനാർഥികൾ വിജയിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. പാലക്കാട്ട് ഭൂരിപക്ഷം ഉയർത്തിക്കൊണ്ട് രാഹുൽ മാങ്കൂട്ടത്തിൽ ജയിക്കും. ചേലക്കരയിലും നിലവിലെ സ്ഥിതി പാർട്ടിക്ക് അനുകൂലമാണ്. അവിടെ രമ്യ ഹരിദാസ് അട്ടിമറി വിജയം നേടും. കെ.പി.എം ഹോട്ടലിലെ പാതിരാ റെയ്ഡ് മന്ത്രി എം.ബി. രാജേഷിന്റെ ബുദ്ധിയാണ്. കള്ളപ്പണ ആരോപണത്തിൽ ഒരു തെളിവുമില്ല. വ്യാജ ആരോപണങ്ങൾ കണ്ടുനിൽക്കുന്ന ജനം വിഡ്ഢികളല്ലെന്നും കെ. സുധാകരൻ പറഞ്ഞു.

“ഞങ്ങളെ സംബന്ധിച്ച് പാലക്കാട്ട് ഒരു ശതമാനം പോലും ആങ്കയില്ല. ഫുൾ കോൺഫിഡന്റാണ്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെല്ലാം കോൺഗ്രസിന് അനുകൂലമാണ്. അന്ന് രാഹുലിന് ശുക്രദശയാണെന്ന് പറഞ്ഞത് ശരിയായില്ലേ. ഉറപ്പായും ഭൂരിപക്ഷം കൂടും. വ്യക്തമായ കണക്ക് ഇപ്പോൾ പറയാനാകില്ല. ചേലക്കരയിലും നിലവിലെ സ്ഥിതി പാർട്ടിക്ക് അനുകൂലമാണ്. തുടക്കത്തിൽ പ്രചാരണം പിന്നിലായിരുന്നെങ്കിലും ഇപ്പോൾ മുന്നിലാണ്. അവിടെ രമ്യ ഹരിദാസ് അട്ടിമറി വിജയം നേടും. രഹസ്യമായി നടത്തുന്ന സർവേയിലും അതുതന്നെയാണ് വ്യക്തമാകുന്നത്.

പാതിരാ റെയ്ഡ് മന്ത്രി എം.ബി. രാജേഷിന്റെ ബുദ്ധിയാണ്. എം.ബി. രാജേഷിന്റെ കർശന നിർദേശത്തിന്റെ പുറത്താണ് റെയ്ഡ് നടന്നത്. പൊലീസിലുള്ളവർ തന്നെ പറഞ്ഞ കാര്യമാണിത്. വന്നു വിറപ്പിച്ച പൊലീസിന് ഒടുവിൽ ഒന്നും കിട്ടിയില്ലെന്ന് എഴുതിക്കൊടുക്കേണ്ടി വന്നില്ലേ. എന്തൊരു നാണക്കേടാണിത്. അനധികൃതമായ ഒരു പണവും കോൺഗ്രസിന് ആവശ്യമില്ല. കള്ളപ്പണ ആരോപണത്തിൽ ഒരു തെളിവുമില്ല. സി.പി.എമ്മും ബി.ജെ.പിയും ഒരുമിച്ചാണ് ആരോപണം ഉന്നയിക്കുന്നത്. ഇരു കൂട്ടരും തമ്മിൽ നല്ല ബന്ധമാണ്.

വ്യാജ ആരോപണങ്ങൾ കണ്ടുനിൽക്കുന്ന ജനം വിഡ്ഢികളല്ലെന്ന് ഇവർ മനസ്സിലാക്കണം. വ്യവസ്ഥിതി അപ്പാടെ മറന്നുകൊണ്ടാണ് പൊലീസ് പാതിരാത്രി സ്ത്രീകളുടെ മുറിയിലേക്ക് കയറുന്നത്. പിണറായി വിജയനു മാത്രമേ ഇത്തരം പൊലീസിനെ വെച്ചുപൊറുപ്പിക്കാനാകൂ. എന്നാൽ ഇതും രാഹുലിന് അനുകൂലമായി മാറിയിരിക്കുകയാണ്. സി.പി.എം -ബി.ജെ.പി സംയുക്ത നീക്കത്തിന്റെ ഫലം അവർ അനുഭവിക്കും. റെയ്ഡിലൂടെ വനിതകളെ അപമാനിച്ചതിന് ജനം വോട്ടിലൂടെ പ്രതികരിക്കും” -സുധാകരൻ പറഞ്ഞു.

പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നീല ട്രോളി ബാഗിൽ കള്ളപ്പണം കൊണ്ടുവന്നെന്നായിരുന്നു ഉയർന്ന ആരോപണം. പിന്നാലെ നീല ട്രോളി ബാഗുമായി രാഹുല്‍ വാര്‍ത്താ സമ്മേളനവും നടത്തി. കോൺ​ഗ്രസ് വനിതാ നേതാക്കളുൾപ്പെടെ താമസിക്കുന്ന മുറികളിൽ നടത്തിയ പാതിരാ റെയ്ഡിൽ കെ.പി.എം ഹോട്ടലിന്റെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

Tags:    
News Summary - K Sudhakaran says Congress will winat Palakkad and Chelakkara Byelection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.