‘മറക്കരുത്, മോദിയുടെ ഭരണകൂടം പരോക്ഷമായി നടത്തിയ കൂട്ടക്കൊല’; പുൽവാമ വിഷയത്തിൽ കെ. സുധാകരൻ

തിരുവനന്തപുരം: പുൽവാമ ഭീകരാക്രമണത്തെ കുറിച്ചുള്ള ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിന്‍റെ വെളിപ്പെടുത്തലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. മോദിക്ക് സൈനികരോടും ഈ രാജ്യത്തോടുമുള്ള സ്നേഹം കേവലം വോട്ട് മാത്രം ലക്ഷ്യമാക്കിയുള്ളതാണെന്ന് സുധാകരൻ കുറ്റപ്പെടുത്തി. അത് വ്യക്തമാക്കുന്ന വിവരങ്ങളാണ് മുൻ ഗവർണർ സത്യപാൽ മാലിക്കിന്‍റെ നാവിലൂടെ പുറത്തേക്ക് വന്നതെന്നും അദ്ദേഹം പറഞ്ഞു.

പുൽവാമയിലെ ഭീകരാക്രമണം 40 സൈനികരുടെ ജീവനാണ് എടുത്തത്. മോദി സർക്കാരിന്‍റെ ഗുരുതരമായ വീഴ്ചയെ പറ്റി കോൺഗ്രസ് അന്നു പറഞ്ഞപ്പോൾ വിമർശിക്കാൻ കപട രാജ്യസ്നേഹികൾ ഒരുപാടുണ്ടായിരുന്നു. എത്ര മൂടി വെച്ചാലും സത്യം ഒരുനാൾ പുറത്തു വന്നിരിക്കും. പുൽവാമയിൽ കൊല്ലപ്പെട്ട ധീര ജവാന്മാർ മോദിയുടെ അധികാരമോഹത്തിന്‍റെ രക്തസാക്ഷികളാണ്. കപട രാജ്യസ്നേഹം പറഞ്ഞ് വീണ്ടും അധികാരത്തിൽ വരാൻ നരേന്ദ്ര മോദി വരുത്തിയ ഗുരുതര വീഴ്ചയിൽ നമുക്ക് നഷ്ടമായത് ഒരുപറ്റം വീര സൈനികരുടെ ജീവനും ജീവിതവും ആണ്.

ചോദ്യങ്ങളെ ഭയന്ന് ഓടുന്ന മോദി ഈ വിഷയത്തിലും വാ തുറക്കില്ല. പക്ഷേ ഇന്ത്യ മഹാരാജ്യത്തെ സ്നേഹിക്കുന്ന ഓരോ പൗരനും ഈ രാജ്യത്തിന്‍റെ കാവൽക്കാരെ സ്നേഹിക്കുന്ന ഓരോ മനുഷ്യസ്നേഹിയും നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും ജനാധിപത്യ രീതിയിൽ മറുപടി കൊടുത്തിരിക്കണം. മറക്കരുത്, മോദിയുടെ ഭരണകൂടം പരോക്ഷമായി നടത്തിയ ഈ കൂട്ടക്കൊല. മോദിയുടെ കഴിവുകേട് കാരണം കൊല്ലപ്പെട്ട വീര ജവാന്മാരുടെ ജീവനു പകരം ചോദിക്കേണ്ടത് ഓരോ ഇന്ത്യൻ പൗരന്‍റെയും കടമയാണെന്നും കെ. സുധാകരൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

Tags:    
News Summary - K Sudhakaran strongly criticized Modi in Pulwama terror attack issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.