കെ. സുധാകരന്‍റെ പ്രസ്താവന അഡ്ജസ്റ്റ്മെന്‍റ് രാഷ്ട്രീയത്തിന്‍റെ ഉദാഹരണം -കെ. സുരേന്ദ്രൻ

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ മാപ്പ് പറഞ്ഞാൽ മതി രാജിവെക്കേണ്ടതില്ലെന്ന കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്റെ പ്രസ്താവന കോൺഗ്രസ്- സി.പി.എം അഡ്ജസ്റ്റ്മെന്‍റ് രാഷ്ട്രീയത്തിന് ഉദാഹരണമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു. 

എവിടെ ഭരണപക്ഷം പ്രതിരോധത്തിലാവുന്നോ അവിടെ സഹായത്തിനെത്തുകയാണ് പ്രതിപക്ഷം ചെയ്യുന്നത്. ഇത് കാലാകാലങ്ങളായി ഇരുമുന്നണികളും പരസ്പരം ആവർത്തിച്ചു പോരുന്ന രാഷ്ട്രീയ നാടകമാണ്. മേയറെ രക്ഷിച്ചെടുക്കാനാണ് കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. മേയർക്കെതിരെ സമരം ചെയ്തതിന് തല്ലുകൊണ്ട കെ.എസ്.യുക്കാരോട് കെ. സുധാകരനാണ് ആദ്യം മാപ്പ് പറയേണ്ടതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

'ഗവർണർക്കെതിരായ ഓർഡിനൻസ് അഴിമതിക്ക് കുടപിടിക്കാൻ'

ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും മാറ്റാനുള്ള ഓർഡിനൻസ് സംസ്ഥാന സർക്കാർ ഇറക്കുന്നത് അഴിമതിക്ക് കുടപിടിക്കാനാണെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. ഗവർണറെ വെട്ടിക്കൊല്ലാൻ ശ്രമിക്കുമെന്നാണ് മന്ത്രി വി. ശിവൻകുട്ടി പരസ്യമായി ഭീഷണിമുഴക്കിയിരിക്കുന്നത്. സി.പി.എമ്മിന്റെ ഇത്തരം ഭീഷണിക്ക് മുമ്പിൽ വഴങ്ങാത്തതു കൊണ്ടാണ് ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്നും നീക്കാൻ ശ്രമിക്കുന്നത്. സർ സി.പിയെ പോലെ ഗവർണറെയും ആക്രമിക്കുമെന്ന് പറഞ്ഞ മന്ത്രി ശിവൻകുട്ടിക്കെതിരെ കേസെടുക്കാൻ സർക്കാർ തയ്യാറാവണമെന്നും കെ. സുരേന്ദ്രൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

സ്വജനപക്ഷപാതവും ബന്ധുനിയമനങ്ങളും യഥേഷ്ടം നടത്താനാണ് കമ്മ്യൂണിസ്റ്റ് ഭരണകൂടം ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാൻ ശ്രമിക്കുന്നത്. ഇത് സുപ്രീംകോടതിയോടുള്ള വെല്ലുവിളിയാണ്. നീതിന്യായവ്യവസ്ഥയോടുള്ള വെല്ലുവിളി ബി.ജെ.പി അംഗീകരിച്ചു തരില്ല. സി.പി.എമ്മിന്റെയും പിണറായി സർക്കാരിന്റെയും ഭരണഘടനാ വിരുദ്ധതയെ തുറന്നുകാണിക്കാൻ ഈ മാസം 15 മുതൽ 30 വരെ ബി.ജെ.പി പ്രവർത്തകർ കേരളത്തിലെ എല്ലാ വീടുകളിലും സമ്പർക്കം നടത്തുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. 

Tags:    
News Summary - K sudhakarans statement is the evidence of adjustment politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.