സുധാകരന്‍റെ പ്രസ്താവനകൾ ഗൗരവതരം; പരിശോധിക്കുമെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: ആർ.എസ്​.എസ്​ അനുകൂല വിവാദപ്രസ്താവനകൾ നടത്തിയ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെ തള്ളി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. സുധാകരന്‍റെ പ്രസ്താവനകൾ ഗൗരവതരമാണെന്നും കോൺഗ്രസ് ഗൗരവമായി പരിശോധിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട്​ പ്രതികരിച്ചു.

ഇക്കാര്യത്തിൽ പ്രധാന നേതാക്കൾ ആശയവിനിമയം നടത്തി. പരാമർശത്തിൽ എതിർപ്പുയർത്തിയ ഘടകകക്ഷികളുമായി സംസാരിക്കും. എല്ലാ കാര്യവും മുന്നണിയിൽ ചർച്ചചെയ്യും. മതേതര നിലപാടില്‍ വെള്ളം ചേര്‍ക്കാനോ വിട്ടുവീഴ്ച ചെയ്യാനോ കോണ്‍ഗ്രസ് ഒരുകാലത്തും തയാറാകില്ല. നെഹ്‌റുവിയന്‍ ആദര്‍ശങ്ങളെ മുറുകെപ്പിടിച്ചേ മുന്നോട്ടുപോകൂ. ഇതില്‍നിന്ന്​ മാറി ആരെങ്കിലും ചിന്തിക്കുകയോ പറയുകയോ ചെയ്യുന്നതിനെ പാര്‍ട്ടി ഒരുതരത്തിലും അംഗീകരിക്കില്ല. ഒരു വര്‍ഗീയ വാദിയുടെയും വോട്ട് വേണ്ടെന്ന് ചരിത്രത്തിലാദ്യമായി പറയാന്‍ തന്റേടം കാട്ടിയ മുന്നണിയും പാര്‍ട്ടിയും യു.ഡി.എഫും കോണ്‍ഗ്രസുമാണ്​.

ബംഗാളിൽ പരസ്യമായി ബി.ജെ.പി ബാന്ധവമുള്ള സി.പി.എം തങ്ങളെ സംഘിവിരുദ്ധത പഠിപ്പിക്കാൻ വരേണ്ട. എം.വി. ഗോവിന്ദനും പിണറായി വിജയനും എം.എ. ബേബിയും ഉള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള മൂന്ന് പി.ബി അംഗങ്ങളുടെ അറിവോടെയല്ലേ സി.പി.എം ബംഗാളില്‍ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലുണ്ടാക്കിയ രഹസ്യബാന്ധവമാണ് ഇപ്പോള്‍ ബംഗാളില്‍ പരസ്യമായിരിക്കുന്നത്. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലും ഒന്നിച്ച് നില്‍ക്കണമെന്നാണ് അവര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതേ പി.ബി അംഗങ്ങള്‍ തന്നെയാണ് കേരളത്തില്‍ വന്ന് കോണ്‍ഗ്രസ് നേതാക്കൾക്ക്​ സംഘിമനസ്സാണെന്ന് പറയുന്നതെന്ന്​ അദ്ദേഹം പറഞ്ഞു.

Tags:    
News Summary - K Sudhakaran's statements are serious; VD Satheesan will check

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.