മഞ്ചേരി: നിപ രോഗനിർണയത്തിന് മഞ്ചേരി ഗവ. മെഡിക്കൽ കോളജിൽ എത്തിച്ച മൊബൈൽ ലാബിൽ പരിശോധന തുടങ്ങി. പൂണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ (എൻ.ഐ.വി) നേതൃത്വത്തിലാണ് ലാബ് സജ്ജമാക്കിയത്. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫിസ് ബ്ലോക്കിന് സമീപമാണ് ബയോ സേഫ്റ്റി ലെവൽ (ബി.എസ്.എൽ) ലാബ് സജ്ജമാക്കിയത്. ലാബിൽ ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാക്കാൻ രണ്ട് ജനറേറ്ററുകൾ എത്തിച്ചു. വ്യാഴാഴ്ച ഉച്ചക്ക് 12ന് ആദ്യ സ്രവം പരിശോധിച്ചു. രണ്ടാഴ്ചക്കാലം ലാബ് മഞ്ചേരിയിൽ പ്രവർത്തിക്കും. പിന്നീട് സമ്പർക്ക പട്ടികയുടെ തോത് അനുസരിച്ചാകും ലാബ് തുടരുന്നത് സംബന്ധിച്ച തീരുമാനമുണ്ടാകുക. നിരീക്ഷണത്തിലുള്ള രോഗിയിൽനിന്ന് സ്രവം ശേഖരിച്ച് ലാബിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. ദിവസം 100 വരെ സാമ്പിൾ പരിശോധിക്കാനാകുമെന്ന് അധികൃതർ പറഞ്ഞു. നിപ സ്ഥിരീകരിച്ചശേഷം ആദ്യമായാണ് ജില്ലയിൽ സ്രവ പരിശോധന നടക്കുന്നത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) ആണ് ലാബ് രൂപകൽപന ചെയ്തത്. ആലപ്പുഴ, കോഴിക്കോട്, പൂനൈ വൈറോളജി ആൻഡ് റിസർച്ച് ഡയഗ്നോസിസ് ലാബ് (വി.ആർ.ഡി.എൽ) എന്നിവയുടെ സഹകരണത്തോടെയാണ് മഞ്ചേരിയിൽ മൊബൈൽ ലാബിന്റെ പ്രവർത്തനം നടക്കുന്നത്. ഹൈറിസ്ക് പട്ടികയിൽ ഉൾപ്പെട്ട നിപ ലക്ഷണമുള്ളവരുടെ സ്രവ സാമ്പിൾ പരിശോധന ഇനി ഈ ലാബിൽ നിന്നാകും.
നിലവിൽ കോഴിക്കോട്, പൂനൈ വൈറോളജി ലാബിൽ നിന്നാണ് നിലവിൽ സാമ്പിൾ പരിശോധന നടത്തിയിരുന്നത്. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്ന യോഗത്തിൽ ലാബിന്റെ പ്രവർത്തനം വിലയിരുത്തി. ഐ.സി.എം.ആർ സയിന്റിസ്റ്റുമാരായ ഡോ. ദീപക് പാട്ടീൽ, ഡോ. ആർ. റിമ, ഡോ. എസ്.എസ്. ഗെയ്ക്വാദ്, കോഴിക്കോട് വൈറോളജി ലാബിലെ ഡോ. കെ.പി. നിയാസ്, ആലപ്പുഴ വൈറോളജി വിഭാഗം മെഡിക്കൽ ഓഫിസർ ഡോ. എസ്. ശിബ എന്നിവരും കോളജുകളിലെ ടെക്നീഷ്യൻമാരുടെയും നേതൃത്വത്തിലാണ് പ്രവർത്തനം. മഞ്ചേരിയിൽ മൊബൈൽ ലാബ് പ്രവർത്തനം തുടങ്ങിയതോടെ ഇനി സ്രവ പരിശോധനക്ക് മറ്റു ജില്ലകളെ ആശ്രയിക്കേണ്ട വരില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.