തിരുവനന്തപുരം: നിയമസഭയിൽ കെ.കെ. രമ എം.എൽ.എക്കെതിരെ മുൻ മന്ത്രി എം.എം. മണി നടത്തിയ അധിക്ഷേപ പരാമർശങ്ങൾ പിൻവലിച്ചത് പ്രതിപക്ഷത്തിന്‍റെ വിജയമാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. കേരള രാഷ്ട്രീയത്തിലെ അശ്ലീലത്തെ തിരുത്താൻ ഞങ്ങൾക്കീ 'Fantastic 41' ധാരാളമാണ് -നിയമസഭയിലെ പ്രതിപക്ഷ അംഗബലത്തെ ചൂണ്ടിക്കാട്ടി സുധാകരൻ പറഞ്ഞു.
'ഒരുത്തന്റെയും മാപ്പും വേണ്ട, കോപ്പും വേണ്ട... കയ്യിൽ വെച്ചേരെ... ഇവിടെ നിന്നും തരാനൊട്ടില്ലതാനും...' എന്ന വിവരദോഷം സാമാന്യ ബോധമുള്ള ഒരു മനുഷ്യനും സി.പി.എം നേതാക്കളോട് തിരികെ പറയില്ല.
ഒരിക്കലും തിരുത്തില്ല എന്ന ധാർഷ്ട്യത്തോടെ സ്വന്തം പരാമർശത്തെ ന്യായീകരിച്ച് നടന്ന എം.എം. മണിയുടെ വിവരക്കേടിനെയാണ് പ്രതിപക്ഷം ജനാധിപത്യ രീതിയിൽ മുട്ടുകുത്തിച്ചത്. സ്വയം തിരുത്തിയതല്ലെങ്കിലും പരാമർശം പിൻവലിച്ചതിനെ കോൺഗ്രസ് സ്വാഗതം ചെയ്യുന്നു. മണിയെ ന്യായീകരിച്ച മുഖ്യമന്ത്രിയും നിരുപാധികം ഖേദം പ്രകടിപ്പിക്കാൻ തയ്യാറാകണം.
ജനദ്രോഹ സമീപനങ്ങളുമായി മുന്നോട്ട് നീങ്ങിയാൽ സകല കാര്യങ്ങളിലും പിണറായി വിജയനും സംഘവും ഇതുപോലെ 'യൂ-ടേൺ' അടിക്കേണ്ടി വരുമെന്ന് ഓർമപ്പെടുത്തുന്നുവെന്നും കെ. സുധാകരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.