കോഴിക്കോട്: തൃശൂര്‍ കൊടകരയില്‍ പിടിച്ചെടുത്ത കുഴല്‍പ്പണവുമായി ബി.ജെ.പിക്ക് ബന്ധമില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. 'ഇക്കാര്യത്തിൽ ബി.ജെ.പി ഒരുതരത്തിലുള്ള നിലപാടും പറയാനില്ല. ദേർ ഈസ് നത്തിങ് ടു ഡു വിത്ത് ബി.ജെ.പി' -വെർച്വൽ വാർത്താസേമ്മളനത്തിൽ കുഴൽപണം സംബന്ധിച്ച ചോദ്യത്തിനുള്ള മറുപടിയായി സുരേന്ദ്രൻ വ്യക്തമാക്കി.
കുഴല്‍പ്പണക്കേസിൽ പൊലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ചില പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചിലരെ അറസ്റ്റ് ചെയ്യാനുണ്ടെന്നും അറിയുന്നു. ബി.ജെ.പി തെരഞ്ഞെടുപ്പ് ഫണ്ട് പൂർണമായും ഡിജിറ്റലായാണ് ചെലവഴിച്ചത്. സ്ഥാനാര്‍ഥികള്‍ക്ക് പ്രചാരണച്ചെലവിന് പണം നല്കിയതെല്ലാം ഡിജിറ്റല്‍ മാര്‍ഗംവഴിയാണ്. അല്ലാതുള്ള ഒരുപണമിടപാടും ഉണ്ടായിട്ടില്ല. മറ്റു പാർട്ടികൾ എങ്ങനെയാണ് പണം ചെലവാക്കിയത് എന്ന് വ്യക്തമാക്കണം -അദ്ദേഹം പറഞ്ഞു.
കുഴൽപ്പണ കേസിൽ അന്വേഷണം ബി.ജെ.പിയെ കേന്ദ്രീകരിച്ചാണെന്ന് പൊലീസ് അധികൃതർ സൂചന നൽകുന്നതായി മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ അപകീർത്തി പരത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണചെലവിനെത്തിച്ച ദേശീയ പാർട്ടിയുടെ മൂന്നരക്കോടി തട്ടിയെടുത്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭിച്ചതായി അന്വേഷണ സംഘം സൂചന നൽകിയിരുന്നു. കോഴിക്കോട് സ്വദേശിയായ മുഖ്യപ്രതി, ക്വട്ടേഷൻ എടുത്ത കണ്ണൂർ സ്വദേശി എന്നിവർ കൂടി പിടിയിലായാൽ പാർട്ടി നേതാക്കളുമായുള്ള ബന്ധത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് അറിയുന്നത്.
പണം നഷ്ടപ്പെട്ടതായി കോഴിക്കോട് സ്വദേശി ധർമരാജാണ് പരാതി നൽകിയത്. രണ്ട് കാറുകളിലാണ് സംഘം പുറപ്പെട്ടത്. വഴിയിൽ പൊലീസ് പരിശോധനയോ, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയോ ഉണ്ടോയെന്നത് പരിശോധിക്കാനായി പൈലറ്റ് വാഹനവും അതിന് പിന്നിൽ പണമടങ്ങിയ കാറുമാണ് ഉണ്ടായിരുന്നത്. അപകടവും കാർ തട്ടിയെടുത്ത വിവരവും കാറിലുണ്ടായിരുന്ന ഡ്രൈവർ ആണ് ധർമരാജിനെ വിളിച്ചറിയിച്ചത്. പിന്നീട് ഇക്കാര്യമറിയിക്കാൻ ആദ്യം വിളിച്ചത് തൃശൂർ ജില്ലയിൽ നിന്നുള്ള സംസ്ഥാന നേതാവിനെയായിരുന്നു. ഒന്നിലധികം തവണ ഈ നമ്പറിലേക്ക് വിളി പോയിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
ഇതിനിടെ വാർത്ത പുറത്തുവന്നതിന് പിന്നാലെ ആരോപണ വിധേയനായ ജില്ല നേതാവുൾപ്പെടെ രണ്ടുപേർ കണ്ണൂരിലെത്തി പിടികിട്ടാനുള്ള മുഖ്യപ്രതിയുമായി കൂടിക്കാഴ്ച നടത്തിയെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. പാർട്ടി സംസ്ഥാന നേതാവിെൻറ അറിവോടെയാണ് ഈ യാത്രയെന്നാണ് പറയുന്നത്. ഇവരുടെ മൊബൈൽ ടവർ ലൊക്കേഷനുകൾ പൊലീസ് ശേഖരിച്ചു.
സംഭവത്തിെൻറ തലേന്ന് ഏപ്രിൽ രണ്ടിന് രാത്രി ഏറെ വൈകിയും സംഘത്തിലെ ആരോപണ വിധേയരുൾപ്പെടെ നേതാക്കൾ തൃശൂരിൽ ചിലവഴിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. ആരോപണം ശക്തമായ സാഹചര്യത്തിൽ പാർട്ടിയെ നിയന്ത്രിക്കുന്ന സംഘടനയും അന്വേഷണം തുടങ്ങി. മുൻ ഡി.ജി.പിയോടും ഉന്നത പൊലീസ് ഉദ്യോഗസ്ഥനോടുമാണ് അന്വേഷിക്കാൻ നിർദേശിച്ചിരിക്കുന്നത്. സർവീസിൽ ഇല്ലെങ്കിലും ഇരുവർക്കും പൊലീസിൽ ഇപ്പോഴും വലിയ സ്വാധീനമുള്ളതിനാലാണ് ഇരുവരെയും അന്വേഷണത്തിനായി നിയോഗിക്കാൻ കാരണം. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് ഇരുവരും ഇരിങ്ങാലക്കുടയിൽ പ്രാഥമിക പരിശോധനക്കായി കൂടിയിരുന്നതായി അറിയുന്നു.
കഴിഞ്ഞ ദിവസം അറസ്റ്റിലായ ഏഴ് പേരെയും ഇരിങ്ങാലക്കുട ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. രാഷ്ട്രീയ പാർട്ടി സംബന്ധിച്ചോ, ആർക്ക് വേണ്ടി പണം കടത്തി എന്നത് സംബന്ധിച്ചോ സൂചനകളൊന്നുമില്ലാതെയാണ് റിമാൻഡ് റിപ്പോർട്ട്. വാഹനത്തിൽ നിന്നും ആയുധങ്ങളടക്കമുള്ളവ കണ്ടെടുത്തുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഒളിവിലുള്ള മൂന്ന് പേർ ഒന്നു മുതൽ മൂന്ന് വരെ പ്രതികളാണ്. ഇവർ നിരീക്ഷണത്തിലായെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.
നിലവിൽ രാഷ്ട്രീയ പാർട്ടി ബന്ധം പൊലീസ് പുറത്ത് പറയുന്നില്ലെങ്കിലും ഗൂഢാലോചനയടക്കം എല്ലാം അന്വേഷിക്കാനാണ് നിർദേശിച്ചിട്ടുള്ളതെന്ന് അന്വേഷണ സംഘം സൂചിപ്പിക്കുന്നു.
പണം കൊണ്ടുവന്നത് ഏത് പാർട്ടിക്ക് വേണ്ടിയാണെന്ന് െപാലീസിന് കൃത്യമായ വിവരങ്ങളുണ്ടെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. തട്ടിയെടുത്ത പണം ബി.ജെ.പിക്കുള്ളതായിരുെന്നന്ന് സി.പി.എം ആരോപിച്ചപ്പോഴും തെരഞ്ഞെടുപ്പ് കമീഷന് ഡി.ജി.പി സമർപ്പിച്ച റിപ്പോർട്ടിലോ എഫ്.െഎ.ആറിലോ ഒരു പാർട്ടിയുടെയും പേര് പറയാത്തത് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എങ്ങനെ വന്ന പണമാണ് എന്നത് സംബന്ധിച്ച് പൊലീസിന് കൃത്യമായ വിവരങ്ങളുണ്ട്. ആ വിവരങ്ങൾ എന്തുകൊണ്ടാണ് ഇപ്പോൾ വെളിപ്പെടുത്താത്തെതന്ന് തനിക്കറിയില്ല. നിഷ്കളങ്കമായി പറഞ്ഞതാണോ എന്നും അറിയില്ല. ഇക്കാര്യത്തിൽ നല്ല രീതിയിൽ അന്വേഷണം നടക്കുന്നുണ്ട്. കൂടുതൽ അന്വേഷണത്തിലേക്ക് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.