അല്ലാഹു മിത്താണെന്ന് ഷംസീർ പറയുമോ​? ഷംസീറിനെയും റിയാസിനെയും ചാവേറുകളാക്കി ധ്രുവീകരണമുണ്ടാക്കാനാണ് സി.പി.എം ശ്രമം -കെ. സുരേന്ദ്രൻ

തിരുവനന്തപുരം: ഹിന്ദു സമൂഹത്തിന്റെ വിശ്വാസ പ്രമാണങ്ങളെ അധിക്ഷേപിക്കുന്ന പ്രസ്താവന എ.എൻ ഷംസീർ പിൻവലിച്ച് മാപ്പ് പറയണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ബി.ജെ.പി ഉന്നയിച്ച ആവശ്യം സമൂഹത്തിൽ എല്ലാ വിഭാഗം ജനങ്ങളെയും പ്രതിനിധീകരിക്കുന്ന മറ്റ് സംഘടനകളും ഏറ്റെടുത്തിരിക്കുകയാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ശബരിമല പ്രക്ഷോഭകാലത്തേതിന് സമാനമായ എതിർപ്പാണ് ഷംസീറും സി.പി.എമ്മും നേരിടുന്നത്.

എ.എൻ ഷംസീറിനെയും മുഹമ്മദ് റിയാസിനെയും ചാവേറുകളാക്കി കേരളത്തിൽ ധ്രുവീകരണമുണ്ടാക്കാനാണ് സി.പി.എം ശ്രമം. മുസ്‍ലിം വിഭാഗത്തിന്റെ പിന്തുണ ലഭിക്കാനാണ് സി.പി.എം ഇതിനെ പ്രോത്സാഹിപ്പിക്കുന്നത്. മുസ്‍ലിം സമുദായത്തിലെ ആചാരങ്ങളെ പരസ്യമായി പിന്തുണച്ച് സംസാരിക്കുന്ന ഷംസീർ ഹിന്ദുക്കളെ അപമാനിക്കുന്നത് അംഗീകരിക്കാനാവില്ല. പരമത നിന്ദയാണ് ഷംസീർ നടത്തിയത്. കോടാനുകോടി ജനങ്ങളുടെ വിശ്വാസമാണ് ഗണപതി. അതിനെ മിത്തെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്. ഓരോ മതങ്ങളുടെയും ​​ദൈവങ്ങൾ മിത്താണെന്ന് പറയാൻ ആരാണ് ഷംസീറിന് അവകാശം കൊടുത്തത്. സ്വന്തം മതത്തെ വിമർശിക്കാൻ ഷംസീർ തയാറാകുമോ? അല്ലാഹു മിത്താണെന്ന് ഷംസീർ പറയുമോ?. ഗണപതിയെ നിന്ദിക്കുകയും സ്വന്തം മതത്തെ പുകഴ്ത്തുകയും ചെയ്യുന്നത് മതനിരപേക്ഷ സമൂഹം അംഗീകരിക്കില്ല. തുടർച്ചയായി ഹിന്ദുക്കളെ ആക്ഷേപിച്ച് വോട്ട് നേടാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

കോൺഗ്രസ് നേതാക്കൾ ഇരട്ടത്താപ്പാണ് കാണിക്കുന്നത്. മുസ്‍ലിം ലീഗിനെയും ജമാഅത്തെ ഇസ്‍ലാമിയെയും ഭയപ്പെട്ടിട്ടാണോ കോൺഗ്രസ് ശക്തമായ നിലപാടെടുക്കാത്തത്? ഷംസീർ അധ്യക്ഷനാവുന്ന നിയമസഭയിൽ എന്താകും കോൺഗ്രസിന്റെ നിലപാട്? ഹിന്ദു എന്നാൽ ആർക്കും കയറി കൊട്ടാനുള്ള ചെണ്ടയല്ല. നിയമസഭക്ക് പുറത്ത് സ്പീക്കർക്കെതിരെ ബി.ജെ.പി ശക്തമായ സമരം നടത്തും. എൻ.എസ്.എസിന്റേത് വിശ്വാസികളുടെ നിലപാടാണ്. വിശ്വാസ സംരക്ഷണ നിലപാടിനെ ബി.ജെ.പി പിന്തുണക്കും. പി.എഫ്.ഐ നിരോധനം നടന്നപ്പോൾ അവരോട് മൃദുസമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. എൻ.ഐ.എ ഗ്രീൻവാലി കണ്ടുകെട്ടിയത് സർക്കാറിനേറ്റ പ്രഹരമാണ്. മറ്റ് സംസ്ഥാനങ്ങൾ പോപുലർ ഫ്രണ്ടിനെതിരെ ശക്തമായ നടപടികളെടുക്കുമ്പോഴും പിണറായി സർക്കാർ അവരെ സംരക്ഷിക്കുകയാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. വാർത്ത സമ്മേളനത്തിൽ തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ വി.വി രാജേഷും സംബന്ധിച്ചു.

Tags:    
News Summary - K Surendran against AN Shamseer's controversial speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.