ഉന്നത വിദ്യാഭ്യാസമേഖല മന്ത്രി ബിന്ദു എ.കെ.ജി സെന്ററാക്കി മാറ്റി -കെ.സുരേന്ദ്രൻ

തിരുവനന്തപുരം: അധികാരം ദുരുപയോഗം ചെയ്ത മന്ത്രി ആർ. ബിന്ദു ഉന്നത വിദ്യാഭ്യാസമേഖല എ.കെ.ജി സെന്ററാക്കി മാറ്റിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കോളജ് പ്രിൻസിപ്പൽ നിയമനത്തിനുള്ള പട്ടികയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദുവിന്റെ നിർദേശത്തോടെ അട്ടിമറിനടന്നത് വേലി തന്നെ വിളവ് തിന്നുന്നതിന് ഉദാഹരണമാണ്.

പാർട്ടി കേഡർമാരായ സ്വന്തക്കാർക്ക് മെറിറ്റിന്റെ അടിസ്ഥാനത്തിൽ നിയമനം കിട്ടാതായപ്പോൾ പട്ടിക തിരുത്തിച്ച് അനർഹരെ കുത്തി നിറച്ച മന്ത്രിക്ക് ആ സ്ഥാനത്ത് തുടരാൻ അർഹതയില്ല. ഡിപ്പാർട്ട്‌മെന്റൽ പ്രൊമോഷൻ കമ്മിറ്റി അംഗീകരിച്ച് നിയമനത്തിനായി സമർപ്പിച്ച ശിപാർശ ഫയലിലെ 43 പേരുടെ നിയമനം നടത്താതെ തടഞ്ഞുവെക്കാൻ ബിന്ദുവിന് അധികാരമില്ല. മന്ത്രി നടത്തിയത് നഗ്നമായ സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാത സമീപനവുമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

മാർക്ക് ലിസ്റ്റ് തട്ടിപ്പും വ്യാജ സർട്ടിഫിക്കറ്റ് വിതരണങ്ങളും അടക്കം കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ എസ്.എഫ്.ഐ നാണംകെടുത്തുമ്പോഴാണ് മന്ത്രി തന്നെ നേരിട്ട് ഇറങ്ങി അഴിമതിക്ക് ചുക്കാൻ പിടിക്കുന്നത്. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ ഇടപെടേണ്ട സംസ്ഥാന സർക്കാർ തകർച്ചക്ക് ആക്കംകൂട്ടുകയാണ്. ഓരോ സർവകലാശാലയിലും ഡിഗ്രിക്കു പോലും പതിനായിരക്കണക്കിന് സീറ്റ് ഒഴിഞ്ഞു കിടക്കുന്നു എന്ന വാർത്തകൾ ഞെട്ടിക്കുന്നതാണ്. കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ് ആക്കും എന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി മൗനം വെടിയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.   


Tags:    
News Summary - K Surendran against R Bindu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.