കൊച്ചി: ശോഭ സുരേന്ദ്രനെതിരെ നടപടി സ്വീകരിപ്പിക്കാനുള്ള ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍റെ നീക്കങ്ങൾക്ക് കോർ കമ്മിറ്റിയിൽ തിരിച്ചടി. കേന്ദ്ര നേതൃത്വവും ശോഭക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതോടെയാണ് കെ. സുരേന്ദ്രന്‍റെ നീക്കങ്ങൾ പരാജയപ്പെട്ടത്. നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പ് ശോഭയെ നേതൃത്വത്തിലേക്കു തിരിച്ചുകൊണ്ടുവരാൻ പ്രഭാരി സി.പി. രാധാകൃഷ്ണൻതന്നെ മുൻകൈയെടുക്കുമെന്നാണ് അറിയുന്നത്. കോർ കമ്മിറ്റിയിൽ കൃഷ്ണദാസ് പക്ഷവും ശോഭക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു.
കോർ കമ്മിറ്റിക്ക് മുമ്പ് സുരേന്ദ്രന്‍റെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്ന് ശോഭ സുരേന്ദ്രനെതിരെ യോഗത്തിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് മാറി നിന്നു, പാർട്ടിയെ പ്രതിസന്ധിയിലാക്കി ശോഭ സുരേന്ദ്രൻ എന്നീ ആരോപണങ്ങളുന്നയിച്ച് ശക്തമായ നടപടി സ്വീകരിക്കണമെന്ന് സുരേന്ദ്രൻ പക്ഷം ആവശ്യപ്പെട്ടു. മൂന്നു ജനറല്‍ സെക്രട്ടറിമാർ ഇതിനെ പിന്താങ്ങി. എന്നാൽ കൃഷ്ണദാസ് പക്ഷവും കേന്ദ്ര നേതൃത്വവും ശോഭക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചതോടെ അച്ചടക്ക നടപടി സ്വീകരിപ്പിക്കാനുള്ള നീക്കം പരാജയപ്പെടുകയായിരുന്നു.
കെ. സുരേന്ദ്രനെതിരെ വലിയ വിമർശനം ഉയർന്നു. സംസ്ഥാന പ്രസിഡന്‍റ് പദവി വഹിക്കുന്നയാൾക്ക് സംഘടന പ്രവർത്തനത്തിൽ വ്യക്തിവിരോധം ചേർന്നതല്ല എന്നും വിമർശനമുയർന്നു. ശോഭയെ പ്രവർത്തനരംഗത്തേക്കു കൊണ്ടുവരാൻ സംസ്ഥാന നേതൃത്വത്തിൽനിന്ന് ഒരുനടപടിയും ഉണ്ടായില്ല. തെരഞ്ഞെടുപ്പിൽ എന്തു ചുമതലയാണ് ശോഭക്ക് നൽകിയതെന്ന ചോദ്യമുയർന്നപ്പോൾ അതിന് മറുപടി നൽകാൻ സുരേന്ദ്രന് കഴിഞ്ഞില്ല. നേതാക്കൾക്ക് തിരഞ്ഞെടുപ്പ് ചുമതല നിശ്ചയിച്ചുനൽകാൻപോലും തയാറായില്ലെന്നും ചിലർ കുറ്റപ്പെടുത്തി. ഒരു കേന്ദ്രമന്ത്രിയും മൂന്ന് എം.പിമാരും കേരളത്തിലുണ്ടായിട്ടും നല്ല തെരഞ്ഞെടുപ്പ് ഫലമുണ്ടാക്കാൻ സാധിച്ചില്ല എന്നതും മറുപക്ഷം ഉയർത്തിക്കാട്ടി.
ഇരുവിഭാഗവും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചതോടെ സംഘടന സംവിധാനത്തെ കെട്ടുറപ്പോടെ മുന്നോട്ടുകൊണ്ടുപോകുന്നതിൽ സുരേന്ദ്രൻ കൂടുതൽ ശ്രദ്ധിക്കണമെന്ന നിർദേശമാണ് കേന്ദ്ര നേതൃത്വം മുന്നോട്ടുവെച്ചത്. ശോഭ സുരേന്ദ്രനെ പാർട്ടിയിൽ സജീവമാക്കാനുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കുമെന്നും സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ബി.ജെ.പി പ്രഭാരി സി.പി രാധാകൃഷ്ണൻ യോഗത്തിൽ ഉറപ്പ് നൽകി. ഇതോടെ ശോഭ സുരേന്ദ്രനെതിരായ കോർ കമ്മറ്റി യോഗത്തിലെ സുരേന്ദ്രൻ പക്ഷത്തിന്‍റെ നീക്കം പൂർണമായും പരാജയപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.