ഭാഗവത് ദേശീയ പതാക ഉയർത്താൻ പാടില്ലെന്ന് പറയുന്നവർ പമ്പര വിഡ്ഢികൾ- കെ. സുരേന്ദ്രൻ

തിരുവനന്തപുരം: ആർ.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിനോട് ദേശീയ പതാക ഉയർത്താൻ പാടില്ലെന്ന് പറയുന്നവരെ ചരിത്രത്തിൽനിന്ന് ഒരുപാഠവും പഠിക്കാത്ത പമ്പര വിഡ്ഢികളായേ കാണാൻ കഴിയൂ എന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി, സ്പീക്കർ, നിരവധി മുഖ്യമന്ത്രിമാർ, ഗവർണർർ എന്നിങ്ങനെ നല്ല ഒന്നാന്തരം ആർഎസ്എസ്സുകാർ ഭരണപദവികളിലിരിക്കുന്നുണ്ടെന്നും അതിൽ അഭിമാനിക്കുന്നുവെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. 

കലക്ടറുടെ ഉത്തരവ് ലംഘിച്ച് മോഹന്‍ ഭാഗവത് പലക്കാട് സ്കൂളിൽ ദേശീയ പതാക ഉയർത്തിയതാണ് വിവാദമായത്. എയ്ഡഡ് സ്‌കൂളുകളില്‍ രാഷ്ട്രീയ നേതാക്കള്‍ സ്വാതന്ത്ര്യപതാക ഉയര്‍ത്തുന്നത് ചട്ടലംഘനമാണെന്ന് കാണിച്ച് ജില്ലാ കളക്ടര്‍ ഭാഗവതിനെ വിലക്കിയിരുന്നു. ഇത്  മറികടന്നാണ് പാലക്കാട് മുത്താംന്തറ കര്‍ണകിയമ്മന്‍ സ്‌കൂളിൽ രാജ്യത്തിന്‍റെ എഴുപതാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് ആര്‍.എസ്.എസ് അധ്യക്ഷന്‍ ദേശീയപതാക ഉയര്‍ത്തിയത്. 


സുരേന്ദ്രൻെറ ഫേസ്ബുക്ക് പോസ്റ്റ്
മോഹൻജി ഭാഗവതിനോട് ദേശീയപതാക ഉയർത്താൻ പാടില്ലെന്ന് പറയുന്നവരെ ചരിത്രത്തിൽ നിന്ന് ഒരു പാഠവും പഠിക്കാത്ത പമ്പരവിഡ്ഡികളായേ കാണാൻ കഴിയുള്ളൂ. പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും സ്പീക്കറും നിരവധി മുഖ്യമന്ത്രിമാരും ഏതാണ്ടെല്ലാ ഗവർണ്ണർമാരും ഒന്നാന്തരം ആർ. എസ്. എസുകാരും അതിൽ അഭിമാനിക്കുന്നവരുമാണ്. ചെങ്കോട്ടയിൽ പതാക ഉയർത്തുന്നതും സർവ സൈന്യാധിപനായിരിക്കുന്നതും ആർ. എസ് എസുകാരല്ലേ? ഒരിക്കൽ മോദിജി കൊച്ചിയിൽ വന്നപ്പോൾ ചടങ്ങു ബഹിഷ്കരിച്ച മേയറും മോദിയെ കണ്ടതിൻറെ പേരിൽ മാപ്പു പറഞ്ഞ മന്ത്രിയുമുള്ള നാടാണ് കേരളം. ഇപ്പോൾ മോദിയോടൊപ്പം വേദി പങ്കിടാൻ കഴിയാത്തതിൻറെ വേവലാതിയാണ് പലർക്കും. ഒന്നു മനസ്സു വെച്ചിരുന്നെങ്കിൽ രാജ്യത്തെ ഏത് ഔദ്യോഗികപദവിയും ലഭിക്കുമായിരുന്ന വ്യക്തിയാണ് മോഹൻജി. ഇനിയെങ്കിലും നിർത്താറായില്ലേ ഈ അസഹിഷ്ണുത? അസൂയക്കും കൊതിക്കെറുവിനും മരുന്നില്ല. എന്നാൽ ഭരണകൂടത്തിൻറ ഇണ്ടാസ് കണ്ടാൽ മുട്ടടിക്കുന്ന ജനുസ്സല്ല ഇതെന്ന് ഇപ്പോൾ ബോധ്യമായില്ലേ?

Tags:    
News Summary - k surendran justify mohan bhagwat in hoisting flag- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.