ന്യൂഡൽഹി: ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിന്‍റെ വധക്കേസ് എൻ.ഐ.എ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ കണ്ടു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകരായ 10 പേരെയാണ് ഇസ്ലാമിക തീവ്രവാദികൾ കൊല്ലപ്പെടുത്തിയത്. ഇതുവരെ 50 സംഘപരിവാർ പ്രവർത്തകരെയാണ് ജിഹാദികൾ കൊലപ്പെടുത്തിയതെന്നും അമിത്ഷാക്ക് നൽകിയ കത്തിൽ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
പ്രസ്തുത കേസുകളിലൊന്നും പൊലീസ് ഗൂഢാലോചനകൾ അന്വേഷിച്ചിട്ടില്ല. തീവ്രവാദ ശക്തികളാണ് ഇതിന് പിന്നിൽ എന്നറിഞ്ഞിട്ടും ഒരു നടപടിയുമുണ്ടായില്ല. സഞ്ജിത്തിന്‍റെ കൊലപാതകത്തിന്‍റെ രീതി, കൊലക്ക് ഉപയോഗിച്ച ആയുധങ്ങൾ, ആസൂത്രണം എന്നിവ തീവ്രവാദ ശൈലിയിലാണ്. സിപിഎം- പോപ്പുലർ ഫ്രണ്ട് വർഗീയ കൂട്ടുകെട്ടാണ് കേരളത്തിലുള്ളത്. സംസ്ഥാനത്ത് തീവ്രവാദ ശക്തികൾ ആയുധപരിശീലനവും സംഭരണവും നടത്തുന്നുണ്ട്. എന്നാൽ ഇവർക്ക് മുന്നിൽ പൊലീസ് മുട്ടുമടക്കുകയാണ്.
പോപ്പുലർ ഫ്രണ്ടിന്‍റെ പേര് പറയാൻ പോലും പൊലീസ് ഭയപ്പെടുകയാണ്. ഔദ്യോഗിക സംവിധാനങ്ങളെ തീവ്രവാദസംഘടനകൾ ഭയപ്പെടുത്തി നിറുത്തിയിരിക്കുകയാണ്. കരിവന്നൂർ സർവ്വീസ് സഹകരണ ബാങ്കിലെ കോടികളുടെ അഴിമതി സി.ബി.ഐ അന്വേഷിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രിയോട് അഭ്യർത്ഥിച്ചതായി സുരേന്ദ്രൻ പറഞ്ഞു. കേന്ദ്രമന്ത്രിമാരായ വി. മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, ദേശീയ വക്താവ് ടോംവടക്കൻ എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.