പിണറായിയുടെ സി.എ.എ വിരുദ്ധ സമരം എന്തായി, മോദി ഒരു കാര്യം വിചാരിച്ചാൽ നടപ്പാക്കുമെന്ന് സുരേന്ദ്രൻ

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവള വിഷയത്തിൽ സംസ്ഥാന സർക്കാറിന്‍റെ എതിർപ്പ് മറികടക്കാൻ കേന്ദ്രത്തിന് നിഷ്പ്രയാസം സാധിക്കുമെന്ന് സൂചന നൽകി ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ. മോദി സർക്കാരിന്‍റെ ഏറ്റവും വലിയ പ്രത്യേകത ഒരു കാര്യം തീരുമാനിച്ചാൽ അതു നടപ്പാക്കിയിരിക്കുമെന്നുള്ളതാണ് എന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ സുരേന്ദ്രൻ അവകാശപ്പെട്ടു.

പൗരത്വ പ്രക്ഷോഭത്തിന്‍റെ സമയത്ത് പിണറായി എന്തെല്ലാം വെല്ലുവിളികളാണ് ഉയർത്തിയത്? അവസാനം പൗരത്വനിയമം എത്ര ശാന്തമായാണ് ഇവിടെ നടപ്പാക്കിയത്? നോട്ടുനിരോധന കാലത്തും എന്തെല്ലാം പ്രതിഷേധങ്ങളാണ് കേരളം കണ്ടത്? വിമാനത്താവളത്തിന്‍റെ പേരിൽ വിവാദമുണ്ടാക്കി സ്വർണക്കള്ളകടത്ത് കേസിൽ നിന്ന് ശ്രദ്ധ തിരിക്കാമെന്ന് ആരും വിചാരിക്കേണ്ടെന്നും സുരേന്ദ്രൻ കുറിപ്പിൽ പറയുന്നു.

ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം:

സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിൽ എന്തെല്ലാം പ്രതിഷേധങ്ങളാണ് കേരളം കണ്ടത്. അവസാനം എന്തുണ്ടായെന്ന് ആരും അന്വേഷിക്കുന്നില്ലെന്ന് മാത്രം. ഓർമ്മയില്ലേ നോട്ടുനിരോധനകാലത്തെ ബഹളങ്ങൾ. അന്ന് പ്രാഥമികസഹകരണസംഘങ്ങൾ കെ. വൈ. സി നടപ്പാക്കണം എന്നു പറഞ്ഞതിന്റെ പേരിലായിരുന്നു പിണറായി വിജയന്റെ നേതൃത്വത്തിലുള്ള തെരുവുയുദ്ധം. അവസാനം എല്ലാ സഹകരണസംഘത്തിലും കെ. വൈ. സി. നടപ്പാക്കി. അർബ്ബൻ കോ. ഓപ്പറേറ്റീവ് സൊസൈറ്റികളെ മുഴുവൻ റിസർവ്വ് ബാങ്കിന്റെ നിയന്ത്രണത്തിലുമാക്കി. നോട്ടുനിരോധിച്ചതും കള്ളപ്പണത്തിന്റെ ഒഴുക്ക് നിലച്ചതുകൊണ്ടുമാണ് ഇപ്പോൾ പുതിയ സ്വപ്നമാർഗ്ഗങ്ങളുമായി ഇക്കൂട്ടർ രംഗത്തുവന്നത്.

ഇനി സി. എ. എ. വിരുദ്ധസമരങ്ങളുടെ കാര്യം നോക്കാം. അന്ന് പിണറായി എന്തെല്ലാം വെല്ലുവിളികളാണ് നടത്തിയിരുന്നത്. അവസാനം പൗരത്വനിയമം എത്ര ശാന്തമായാണ് ഇന്ത്യയിൽ നടപ്പിലായത്. പറഞ്ഞുവന്നത് തിരുവനന്തപുരം വിമാനത്താവളത്തെക്കുറിച്ചാണ്. പിണറായി പലതും പറയും. അവസാനം അദാനിയുടെ അടുത്തയാളായി സമീപഭാവിയിൽ പ്രത്യക്ഷപ്പെടുകയും ചെയ്യും. മോദി സർക്കാരിന്റെ ഏറ്റവും വലിയ പ്രത്യേകത ഒരു കാര്യം തീരുമാനിച്ചാൽ അതു നടപ്പാക്കിയിരിക്കുമെന്നുള്ളതാണ്. അതുകൊണ്ട് വിവാദമുണ്ടാക്കി സ്വർണ്ണക്കള്ളക്കടത്തുകേസ്സിൽ നിന്ന് ശ്രദ്ധതിരിക്കാമെന്ന് ആരും കരുതേണ്ട.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.