സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെയാണ് കേസെടുക്കേണ്ടതെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെയാണ് കേസെടുക്കേണ്ടതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഗോവിന്ദനാണ് കളമശ്ശേരി ബോബ് സ്ഫോടനത്തിലെ ഭീകരവാദ ബന്ധം ആദ്യമായി പറഞ്ഞത്. അതിനാൽ ഗോവിന്ദനെതിരെയാണ് കേസെടുക്കേണ്ടതെന്ന് തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

സ്വരാജ് പറഞ്ഞത് ഹമാസ് മനുഷ്യാവകാശ പ്രവർത്തകരാണെന്നാണ്. മുനീർ പറഞ്ഞത് ഹമാസ് ഭീകരർ സ്വാതന്ത്ര്യസമര സേനാനികളാണെന്നാണ്. രാജ്യാന്തര ഭീകരവാദികളെ വെള്ളപൂശുന്നവർക്കെതിരെ കേസെടുക്കണം. പിണറായി വിജയൻ ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് സാമുദായിക ധ്രുവീകരണത്തിന് വേണ്ടി അജണ്ട സെറ്റ് ചെയ്യുകയാണ്. അതിന് പിന്നാലെ ഓടുന്ന വി.ഡി സതീശനും സുധാകരനുമൊക്കെ നേരം വെളുക്കുക തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും.

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കള്ളക്കേസെടുത്തതിനെ ശക്തമായി അപലപിക്കുന്നു. തീവ്രചിന്താഗതിക്കാരെ സന്തോഷിപ്പിക്കാനുള്ള ഗൂഢലക്ഷ്യത്തോടെയുള്ള കേസാണിത്. പിണറായി വിജയന്റെ ഇരട്ടത്താപ്പും ഇരട്ടനീതിയും വ്യക്തമായിരിക്കുകയാണ്. വോട്ട് ബാങ്ക് രാഷ്ട്രീയം മുന്നിൽ കണ്ടുള്ള ഹീന രാഷ്ട്രീയമാണിത്. ഹമാസിന്റെ തലവൻ മലപ്പുറത്തെ റാലിയിൽ വീഡിയോ കോൺഫ്രൻസിൽ പറഞ്ഞത് ഹിന്ദുത്വവാദികളെ കുഴിച്ചുമൂടുമെന്നാണ്.

എന്നാൽ ആ പരിപാടി നടത്തിയവർക്കെതിരെ കേസെടുക്കാതെ അത് ചൂണ്ടിക്കാണിച്ച രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുക്കുകയാണ് സർക്കാർ. രാജ്യദ്രോഹികളെ സന്തോഷിപ്പിക്കാനാണ് കേന്ദ്രമന്ത്രിക്കെതിരെ കേസെടുത്തത്. കേരളത്തിൽ ക്രമസമാധാനനില പാലിക്കുന്നതിലും ജനങ്ങളുടെ പ്രശ്നം പരിഹരിക്കുന്നതിലും പരാജയപ്പെട്ട അഴിമതിയിൽ മൂക്കറ്റംമൂടിയ പിണറായി സർക്കാർ ഹമാസിനെ പരസ്യമായി പിന്തുണച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. കള്ളക്കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് സുരേന്ദ്രൻ പറഞ്ഞു.

Tags:    
News Summary - K. Surendran said that a case should be filed against CPM state secretary MV Govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.