സർക്കാർ സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുകയും വേട്ടക്കാരെ സംരക്ഷിക്കുകയും ചെയ്യുന്നു- കെ. സുരേന്ദ്രൻ

കാസർകോട് : സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുകയും വേട്ടക്കാരെ സഹായിക്കുകയും ചെയ്യുന്ന വിചിത്രമായ നിലപാടാണ് പിണറായി സർക്കാർ സ്വീകരിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തുടക്കം മുതലേ ഒളിച്ചു കളിയാണ് സർക്കാർ നടത്തുന്നത്. പിണറായിയുടെ സ്ത്രീപക്ഷ നിലപാടുകൾ വെറും വാചക കസർത്തുകൾ മാത്രമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും സർക്കാർ ആദ്യഘട്ടം മുതൽ കള്ള കളിയാണ് നടത്തുന്നതെന്നും കാസർകോട് മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.

വിവരാവകാശ കമീഷൻ പറയാത്ത വലിയ ഭാഗം വെട്ടിക്കളഞ്ഞതിന്റെ പിന്നിൽ ഗൂഢാലോചനയുണ്ട്. ഇരകൾക്ക് നീതി നിഷേധിക്കാൻ വേണ്ടി സർക്കാർ ആസൂത്രിതമായി പ്രവർത്തിച്ചു. റിപ്പോർട്ട് ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമായി മാറാൻ സർക്കാർ ആഗ്രഹിച്ചു. പീഡനത്തിനിരയായിട്ടുള്ള ആളുകൾക്ക് നീതി ഉറപ്പാക്കാനുള്ള ഒരു നടപടിയും സർക്കാർ എടുക്കാൻ പോകുന്നില്ല. ചിലരെ രക്ഷിക്കാനുള്ള തിടുക്കമാണ് സർക്കാർ ഇപ്പോൾ കാണിക്കുന്നത്. ഇത് വെറും ജലരേഖ ആയിട്ട് മാറാൻ തന്നെയാണ് സാധ്യത.

സി.പി.എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും മഹിളാ സംഘടനകളെല്ലാം കാശിക്കു പോയിരിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. ഇത്രയും ഗുരുതരമായ വിഷയം സംസ്ഥാനത്ത് ഉയർന്നു വന്നിട്ടും അതിനോടൊന്ന് പ്രതികരിക്കാൻ പോലും ഇടതുപക്ഷ മഹിളാ സംഘടനകൾ തയാറാവുന്നില്ല. റിപ്പോർട്ടിന്മേൽ നാലുവർഷം അടയിരുന്നത് വേട്ടക്കാരെ സംരക്ഷിക്കാൻ വേണ്ടിയാണെന്ന് വ്യക്തമാണ്.

പരാതി ലഭിച്ചാലേ കേസെടുക്കൂ എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്. പിന്നെന്തിനാണ് ഇങ്ങനെ ഒരു കമീഷനെ നിയമിച്ചത്. വിശദമായ വിവരങ്ങൾ പുറത്തു വരാനും നടപടിയെടുക്കാനും ആണ് കമീഷനെ വെക്കുന്നത്. എന്നാൽ സർക്കാർ കമീഷനൊന്നും യാതൊരു വിലയും കൽപ്പിക്കുന്നില്ല. ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടി മാത്രമായിരുന്നു സർക്കാർ കമ്മീഷനെ വച്ചതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. 

Tags:    
News Summary - K Surendran said that the government has a strange attitude of speaking for women and protecting poachers.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.