തിരുവനന്തപുരം: പിണറായി സർക്കാരിന്റെ ഭരണത്തിൽ പാവങ്ങളും കർഷകരും ആത്മഹത്യ ചെയ്യേണ്ട അവസ്ഥയായിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കടക്കെണിയിൽപെട്ട കർഷകൻ കുട്ടനാട് ആത്മഹത്യ ചെയ്തതിന് പിന്നാലെ ലൈഫ് പദ്ധതിയിൽ വീടിനുള്ള പണം സർക്കാർ നൽകാത്തതിനാൽ ഓമല്ലൂരിൽ ഗോപി എന്നയാൾ ജീവനൊടുക്കിയത്. വീടില്ലാത്തവർക്കെല്ലാം വീട് കൊടുക്കുമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
വീടിന് വേണ്ടി ഏഴുലക്ഷം പേരുടെ അപേക്ഷകളാണ് സർക്കാരിൻ്റെ കൈയിൽ കെട്ടികിടക്കുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് അപേക്ഷകൾ ആവർത്തിച്ച് വാങ്ങിക്കുന്നതല്ലാതെ ആർക്കും സർക്കാർ വീട് കൊടുക്കുന്നില്ല. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി(അർബൻ) പ്രകാരം 1,66,752 വീട് അനുവദിച്ചതിൽ 1,16,116 പൂർത്തിയായി. റൂറലിൽ 14,812 വീട് അനുവദിച്ചു. എന്നാൽ സംസ്ഥാനം പിഎംഎവൈ അട്ടിമറിക്കുകയും ലൈഫ് പദ്ധതി പ്രകാരം പണം കൊടുക്കാതിരിക്കുകയും ചെയ്യുന്നു.
കേരളീയം, ഹെലികോപ്റ്റർ, വിദേശയാത്രകൾ എന്നൊക്കെ പറഞ്ഞ് കോടികൾ ധൂർത്തടിക്കുന്ന സർക്കാർ പാവപ്പെട്ടവർക്ക് അർഹമായ അവകാശങ്ങൾ നിഷേധിക്കുകയാണ്. നെൽകർഷകന് നെല്ലിൻ്റെ സംഭരണത്തിലെ 75 ശതമാനം തുകയും കേന്ദ്ര സർക്കാർ നൽകി കഴിഞ്ഞു. എന്നാൽ സംസ്ഥാന വിഹിതം നൽകാത്ത പിണറായി സർക്കാർ കേന്ദ്രത്തിന്റെ പണം നൽകുന്നുമില്ല. കർഷകർക്ക് ബാങ്ക് ലോൺ പോലും കിട്ടാത്തതിന് കാരണം ഇതാണ്. ഭവന നിർമ്മാണ പദ്ധതിയിലും ആയുഷ്മാൻ ഭാരതിൻ്റെ കാര്യത്തിലും ഇത് തന്നെയാണ് നടക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാന സർക്കാരിൻ്റെ കൈയിൽ ചില്ലി കാശില്ല. എന്നാൽ കേന്ദ്രം അനുവദിക്കുന്ന തുക ചിലവഴിക്കുന്നുമില്ല. ഏറ്റവും കൂടുതൽ റെവന്യൂ ഡെഫിസിറ്റി ഗ്രാൻഡ് ലഭിച്ചത് കേരളത്തിനാണ്. കേന്ദ്ര സഹായം ഇല്ലെങ്കിൽ കേരളം പട്ടിണിയാവും. കേരളത്തിൽ ധനകാര്യ മിസ് മാനേജ്മെൻ്റാണ്. 40,000 കോടിയെങ്കിലും സംസ്ഥാനം നികുതി പിരിക്കാനുണ്ട്. മാസപ്പടി കൊടുക്കുന്നവരായത് കൊണ്ടാണ് വൻകിടക്കാരിൽ നിന്നും നികുതി പിരിക്കാത്തത്.
എന്നാൽ, സാധാരണക്കാരൻ്റെ നെഞ്ചത്ത് കയറുകയാണ് സംസ്ഥാന സർക്കാർ. ഇതെല്ലാം മറച്ചുവെക്കാനാണ് പിണറായി കോഴിക്കോട് ഫലസ്തീൻ സമ്മേളനം നടത്തിയത്. കുടുംബശ്രീ അംഗങ്ങളെ ഭീഷണിപ്പെടുത്തി മുഖ്യമന്ത്രിയുടെ നവകേരളയാത്രക്ക് കൊണ്ടുപോവാൻ ശ്രമിച്ചാൽ ബി.ജെ.പി തടയും. സിപിഎമ്മിൻ്റെ അജണ്ടയിൽ വീഴുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളത്. തലയിൽ ആള് താമസമില്ലാത്ത പ്രതിപക്ഷമാണ് കോൺഗ്രസിന്റെതെന്നും സുരേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.