കർഷക ആത്മഹത്യകൾക്ക് ഉത്തരവാദി പിണറായി സർക്കാരെന്ന് കെ. സുരേന്ദ്രൻ

കോട്ടയം: സംസ്ഥാനത്ത് നടക്കുന്ന കർഷക ആത്മഹത്യകൾക്ക് പിണറായി സർക്കാരാണ് ഉത്തരവാദിയെന്ന് എൻ.ഡി.എ ചെയർമാൻ കെ. സുരേന്ദ്രൻ. എൻഡിഎ നേതാക്കളോടൊപ്പം കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായരുന്നു അദ്ദേഹം. കർഷകരുടെ ആനുകൂല്ല്യങ്ങൾ സംസ്ഥാനം നിഷേധിക്കുന്നതാണ് ആത്മഹത്യകൾ തടരുന്നതിന് കാരണം.

നരേന്ദ്രമോദി സർക്കാരിന്റെ കർഷക ക്ഷേമ പദ്ധതികൾ സംസ്ഥാനത്ത് അട്ടിമറിക്കുകയാണ്. നെൽകർഷകർക്ക് സംഭരിച്ച നെല്ലിന്റെ തുക നൽകുന്നില്ല. റബർ കർഷകർക്ക് വാ​ഗ്ദാനം ചെയ്ത തുക നൽകുന്നില്ല. ഭൂമിയുടെ രേഖകൾ ഹാജരാക്കാത്തതിനാൽ മോദി സർക്കാരിന്റെ കിസാൻ സമ്മാൻ നിധി സംസ്ഥാനത്ത് ലക്ഷക്കണക്കിന് കർഷകർക്ക് ലഭിക്കുന്നില്ല. നബാർഡ് വഴി കേന്ദ്രസർക്കാർ വിതരണം ചെയ്യുന്ന തുക കേരളത്തിലെ കർഷകർക്ക് എത്തുന്നില്ല.

സംസ്ഥാന സർക്കാരിന്റെ തെറ്റായ നയങ്ങളാണ് കർഷകരെ കഷ്ടത്തിലാക്കുന്നത്. കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രസർക്കാരാണെന്നാണ് കോൺ​ഗ്രസ് പറയുന്നത്. എൽ.ഡി.എഫ് ഏതാണ് യുഡിഎഫ് ഏതാണെന്ന് തിരിച്ചറിയാൻ സാധിക്കുന്നില്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദിത്വം കേന്ദ്രസർക്കാരിനാണെന്നാണ് നവകേരളയാത്രയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പറയുന്നത്. ഈ നിലപാടാണ് ഇപ്പോൾ കോൺ​ഗ്രസും കൈക്കൊള്ളുന്നത്. ഇനിയും നവകേരളയാത്രയിൽ നിന്നും കോൺ​ഗ്രസ് മാറി നിൽക്കുന്നത് ശരിയല്ല. മാസപ്പടി കേസിൽ മുഖ്യമന്ത്രിയെ സംരക്ഷിക്കുന്നത് കോൺ​ഗ്രസാണ്. ഭരണ-പ്രതിപക്ഷ സഹകരണമാണ് മാസപ്പടിയിൽ കണ്ടത്.

മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന കേന്ദ്രവിരുദ്ധ പ്രചരണങ്ങൾ എല്ലാം കേന്ദ്രധനമന്ത്രിയുടെ കൃത്യമായ കണക്കുകൾ വെച്ചുള്ള അവതരണത്തോടെ പൊളിഞ്ഞ് പോയിരിക്കുകയാണ്. കേരളത്തിന് കൊടുക്കാൻ ഒരു രൂപയുടെ കുടിശ്ശിക പോലുമില്ലെന്ന് വിവിധ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന കേന്ദ്രമന്ത്രിമാരും കേന്ദ്ര ധനകാര്യ മന്ത്രിയും അസന്നി​ഗ്ധമായി പാർലമെന്റിൽ പ്രഖ്യാപിച്ചു കഴിഞ്ഞതോടെ ഇടതു സർക്കാരിൻ്റെ കള്ളക്കളി പുറത്തായിരിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

കേന്ദ്രസർക്കാരിന്റെ വികസിത സങ്കൽപ്പയാത്രയോട് സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ല. കേന്ദ്രസർക്കാരിന്റെ വികസന പദ്ധതികൾ കേരളത്തിലെ ജനങ്ങളിലേക്ക് എത്തരുതെന്ന നിർബന്ധ ബുദ്ധിയാണ് പിണറായി സർക്കാരിനുള്ളത്. പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശം എല്ലാ ക്രൈസ്തവ ഭവനങ്ങളിലും എത്തിക്കാൻ എൻ.ഡി.എ പ്രവർത്തകർ ഇറങ്ങും. സംസ്ഥാനത്ത് മതേതരത്വത്തിന്റെ പേരിൽ ഒരു വിഭാ​ഗത്തെ മാത്രം പ്രീണിപ്പിക്കുകയാണ്. ജനുവരി അവസാനം എൻ.ഡി.എയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും പദയാത്ര നടത്തും.

ശിവസേന ഷിൻഡെ വിഭാ​ഗത്തിനെ കേരളത്തിലെ എൻ.ഡി.എയിൽ ഉൾപ്പെടുത്തുമെന്നും കെ.സുരേന്ദ്രൻ അറിയിച്ചു. വാർത്താസമ്മേളനത്തിൽ എൻ.ഡി.എ വൈസ് ചെയർമാൻമാരായ പി.കെ കൃഷ്ണദാസ്, എ.പദ്മകുമാർ, ജെ.ആർ.പി സംസ്ഥാന അധ്യക്ഷ സി.കെ ജാനു, എൻ.കെ.സി അധ്യക്ഷൻ കുരുവിള മാത്യൂസ്, എസ്.ജെ.ഡി അധ്യക്ഷൻ വി.വി രാജേന്ദ്രൻ, രമ ജോർജ്, എ.ജി തങ്കപ്പൻ, കെ.എ ഉണ്ണികൃഷ്ണൻ, റാഫി മേട്ടുതറ, വിഷ്ണുപുരം ചന്ദ്രശേഖരൻ, ജോണി കെ. ജോൺ, ബി.ടി രമ, സന്തോഷ് കാളിയത്ത്, സുധീഷ് നായർ, എ.എൻ അനുരാ​ഗ്, പ്രദീപ് കെ. കുന്നുകര, എം.എസ് സതീശൻ, പ്രദീപ് ബാബു, രതീഷ്, എം.എൻ ​ഗിരി, ജേക്കബ് പീറ്റർ തുടങ്ങിയ എൻ.ഡി.എ നേതാക്കൾ നേതൃയോ​ഗത്തിൽ പങ്കെടുത്തു.

Tags:    
News Summary - K. Surendran says Pinarayi government is responsible for farmer suicides

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.