തിരുവനന്തപുരം: മധ്യപ്രദേശിലും കർണാടകയിലും മറ്റ് സംസ്ഥാനങ്ങളിലും അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനം വിപുലമായി ആഘോഷിക്കുന്ന കോൺഗ്രസ് കേരളത്തിലും നിലപാട് വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ജനുവരി 22ന് കർണാടകയിൽ കോൺഗ്രസ് വിജയദിവസമായാണ് കൊണ്ടാടുന്നത്. എന്നാൽ, കേരളത്തിലെ നേതാക്കൾ മിണ്ടാത്തതെന്താണെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ചോദിച്ചു.
അവരുടെ ഉന്നത നേതാവ് രാഹുൽഗാന്ധി കേരളത്തിൽ നിന്നുള്ള എം.പിയാണ്. സംഘടനാ സെക്രട്ടറി കെ.സി വേണുഗോപാലും മലയാളിയാണ്. എന്നിട്ടും എന്തുകൊണ്ടാണ് കേരളത്തിൽ ഹിന്ദുക്കളുടെ വികാരം കോൺഗ്രസ് അവഗണിക്കുന്നത്? കെ.സി വേണുഗോപാൽ എന്താണ് മിണ്ടാത്തത്? മുസ് ലീംലീഗിനെയാണോ പി.എഫ്.ഐയെയാണോ അതോ സമസ്തയെ ആണോ കോൺഗ്രസ് പേടിക്കുന്നത്? നിലപാട് വ്യക്തമാക്കാൻ കെസി വേണുഗോപാലും കെ. സുധാകരനും വിഡി സതീശനും തയാറാവണം.
കേരളത്തിലെ കോൺഗ്രസിനെ ആരാണ് നിയന്ത്രിക്കുന്നതെന്നറിയാൻ ഈ നാട്ടിലെ ഭൂരിപക്ഷ വിശ്വാസികൾക്ക് താത്പര്യമുണ്ട്. വോട്ട്ബാങ്കിനെ കോൺഗ്രസിന് ഭയമാണ്. മുസ് ലീംലീഗ് പോലും എതിരല്ലെന്ന് പറഞ്ഞിട്ടും കോൺഗ്രസ് എന്തിനാണ് പ്രതിഷ്ഠാ ചടങ്ങിന് പോകുന്നതിനെ ഭയക്കുന്നത്. ബി.ജെ.പി വിശ്വാസി സമൂഹത്തോടൊപ്പം ഉറച്ചുനിൽക്കും. എല്ലാ ക്ഷേത്ര പരിസരത്തും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും രാമ ജ്യോതി തെളിയിക്കുകും ചെയ്യുമെന്നും സുരേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.