കോഴിക്കോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ ഔദ്യോഗിക ഗാനത്തിലെ വിവാദ വരികൾക്കെതിരെ പാർട്ടിയിൽ രൂക്ഷ വിമർശനം. പദയാത്ര അവലോകന യോഗത്തിൽ വിഡിയോ തയാറാക്കിയ ഐ.ടി സെല്ലിനെതിരെയാണ് രൂക്ഷ വിമർശനം ഉയർന്നത്.
'അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാൻ അണിനിരക്കൂ കൂട്ടരെ' എന്നാണ് വിഡിയോയിലെ ഗാനത്തിലെ വരികളിലുള്ളത്. ഇതോടൊപ്പം, പദയാത്രയുടെ ഭാഗമായി കോഴിക്കോട്ടെ പരിപാടിയുടെ പട്ടികയിലാണ് മറ്റൊരു വിവാദ പരാമർശമുള്ളത്.
'ഉച്ചഭക്ഷണം എസ്.സി-എസ്.ടി നേതാക്കളും ഒന്നിച്ച്' എന്ന പരാമർശമാണ് വിവാദമായത്. ഇതോടെ ബി.ജെ.പി കേരളം എന്ന ഫേസ്ബുക്ക് അടക്കമുള്ള പ്ലാറ്റ്ഫോമുകളിൽ നിന്ന് വിഡിയോയും പോസ്റ്ററും നീക്കാൻ സംസ്ഥാന നേതൃത്വം നിർദേശം നൽകി.
പദയാത്രകളിലും വേദികളിലും വിവാദ ഗാനം കേൾപ്പിക്കരുതെന്നും ബി.ജെ.പി സംസ്ഥാന നേതൃത്വം നിർദേശിച്ചിട്ടുണ്ട്. വിഡിയോയിലേത് സൗണ്ട് മിക്സ് ചെയ്തപ്പോഴുണ്ടായ അബദ്ധമാണെന്നാണ് വിശദീകരണം. ഇതിൽ ഐ.ടി സെൽ ഭാരവാഹികൾക്കെതിരെ നടപടിക്ക് സാധ്യതയുണ്ടെന്നാണ് വിവരം.
അതേസമയം, സമൂഹ മാധ്യമങ്ങളിൽ വിഡിയോയും പോസ്റ്ററും വ്യാപകമായി പ്രചരിക്കുകയും രൂക്ഷ വിമർശനം ഉയരുകയും ചെയ്തു. ദലിത് നേതാക്കളെ അംഗീകരിക്കാൻ ബി.ജെ.പിക്ക് വിമുഖതയുണ്ടെന്ന തരത്തിലായിരുന്നു പോസ്റ്ററിനെതിരായ വിമർശനം.
യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ് ആണ് വിഡിയോയിൽ പരിഹാസവുമായി ആദ്യം രംഗത്തെത്തിയത്. 'ആദ്യമായാണ് സുരേന്ദ്രന്‍റെ പരിപാടിയിൽ നിന്ന് ഒരു സത്യം കേൾക്കുന്നതെന്നാണ്' ഫിറോസ് ഗാനം പങ്കുവെച്ച് ഫേസ്ബുക്കിൽ കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.