കുന്നംകുളത്ത് അപകടമുണ്ടാക്കിയ കെ-സ്വിഫ്റ്റ് ബസ് നിർത്താതെ പോയെന്ന്; ഡ്രൈവർ അറിഞ്ഞില്ലെന്ന് പൊലീസ്

തൃശൂർ: കുന്നംകുളത്ത് വഴിയാത്രക്കാരന്‍റെ മരണത്തിനിടയാക്കിയ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് നിർത്താതെ പോയെന്ന് ദൃക്സാക്ഷികൾ. സംഭവമറിഞ്ഞ് കുന്നംകുളം പൊലീസ് നടത്തിയ പരിശോധനയിലാണ് ബസ് കണ്ടെത്തിയത്. അപകടമുണ്ടായത് ഡ്രൈവർ അറിഞ്ഞില്ലെന്ന് പൊലീസ് പറയുന്നു. തമിഴ്നാട് കള്ളകുറിച്ചി സ്വദേശി പരസ്വാമിയാണ് (55) കുന്നംകുളം മലായ ജങ്ഷനു മുന്നിൽ വ്യാഴാഴ്ച പുലർച്ചെ അഞ്ചരയോടെ സ്വിഫ്റ്റ് ബസിടിച്ച് മരിച്ചത്.

തൃശൂർ–കോഴിക്കോട് റൂട്ടിലോടുന്ന കെ-സ്വിഫ്റ്റ് ബസാണ് അപകടമുണ്ടാക്കിയത്. കോഴിക്കോട്ടേക്കു പോകുന്നതിനിടെയാണ് അപകടം. സമീപത്തെ കടയിൽ നിന്നും ചായ വാങ്ങാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ബസ് ഇടിക്കുകയായിരുന്നുവെന്നാണു ദൃക്സാക്ഷികൾ പറയുന്നത്.

പരിക്കേറ്റയാളെ ആദ്യം കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും മരിക്കുകയായിരുന്നു.

കെ.എസ്.ആര്‍.ടി.സിയുടെ പുതിയ കെ-സ്വിഫ്റ്റ് ബസുകള്‍ കന്നിയാത്രയിൽ ഉൾപ്പെടെ അപകടത്തിൽപെട്ടിരുന്നു. തുടർന്ന് അപകടത്തില്‍പ്പെട്ട ബസുകളിലെ ഡ്രൈവര്‍മാരെ സർവിസിൽ നിന്ന് നീക്കംചെയ്തിരുന്നു. ആഭ്യന്തര സമിതിയുടെ അന്വേഷണത്തില്‍ അപകടം സംഭവിച്ചതില്‍ ഡ്രൈവര്‍മാരുടെ ഭാഗത്ത് വലിയ വീഴ്ച സംഭവിച്ചുവെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി. 

Tags:    
News Summary - k swift bus accident in kunnamkulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.