മാവോവാദി വേട്ട  രാജ്യത്തിന് അഭിമാനനേട്ടം  –കെ. വിജയകുമാര്‍

തിരുവനന്തപുരം: നിലമ്പൂരിലെ മാവോവാദി വേട്ട രാജ്യത്തിന് അഭിമാനകരമാണെന്ന് ദേശീയ സുരക്ഷാഉപദേഷ്ടാവും മുന്‍ സി.ആര്‍.പി.എഫ് ഡയറക്ടറുമായ കെ. വിജയകുമാര്‍. കേരളം, തമിഴ്നാട്, കര്‍ണാടക അതിര്‍ത്തിയിലെ ട്രൈസെക്ടറിലാണ് മാവോവാദികള്‍ കേന്ദ്രീകരിക്കുന്നത്. ഇവിടെ ശക്തമായ തിരച്ചില്‍ നടത്തിയാല്‍ മാവോവാദി വേട്ട ഫലപ്രദമാക്കാമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

അതേസമയം, കൊല്ലപ്പെട്ടത് മാവോവാദികളാണെന്ന് സ്ഥിരീകരിച്ച സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകില്ളെന്ന് പറഞ്ഞു. പൊലീസിന്‍െറ ആസൂത്രിത നീക്കമാണ് മാവോവാദി വേട്ടക്ക് പിന്നില്‍. സംഭവത്തിന്‍െറ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിര്‍ത്തി മേഖലകളിലും വനപ്രദേശങ്ങളിലും അതിജാഗ്രത പുലര്‍ത്താനാണ് നിര്‍ദേശം. സംസ്ഥാന പൊലീസ് രഹസ്യാന്വേഷണ വിഭാഗവും നിരീക്ഷണം ശക്തമാക്കി. നിലമ്പൂരിലെ സംഭവവികാസങ്ങള്‍ സംബന്ധിച്ച് ബെഹ്റ ഇന്‍റലിജന്‍സ് മേധാവി ആര്‍. ശ്രീലേഖയുമായി ചര്‍ച്ച നടത്തി. അതേസമയം, കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് കേരളത്തിലത്തെിയ വിജയകുമാര്‍ കേരളം, തമിഴ്നാട്, കര്‍ണാടക അതിര്‍ത്തികളില്‍ ട്രൈസെക്ടര്‍ ഓപറേഷന്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാറുമായി ചര്‍ച്ച നടത്തിയിരുന്നു.

ഛത്തിസ്ഗഢ്, പശ്ചിമബംഗാള്‍, ഒഡിഷ ട്രൈസെക്ടര്‍ മേഖലയില്‍ മാവോവാദി സാന്നിധ്യം ശക്തമായിരുന്നു. തെക്കേ ഇന്ത്യയില്‍ ആന്ധ്രപ്രദേശ് കാടുകളില്‍ സജീവമായിരുന്ന മാവോവാദികള്‍ കേരളത്തിലെ ട്രൈസെക്ടറിലേക്ക് മാറിയിട്ടുണ്ടെന്നും വിജയകുമാര്‍ സര്‍ക്കാറിനെ ധരിപ്പിച്ചു. കേന്ദ്രസേനയുടെ സഹായത്തോടെ സംസ്ഥാന പൊലീസിന്‍െറ പ്രത്യേക ടാസ്ക് വിങ് രൂപവത്കരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്‍െറ നിര്‍ദേശം. വയനാട് വെള്ളമുണ്ട ഫോറസ്റ്റ് ഓഫിസ് ആക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ ഇതിനായുള്ള നീക്കങ്ങള്‍ ശക്തമാക്കിയെങ്കിലും തുടര്‍നടപടികള്‍ എങ്ങുമത്തെിയില്ല. കേരളത്തിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യേക ടാസ്ക് വിങ്ങിന്‍െറ ആവശ്യകത സജീവമാക്കുകയാണ്. 
Tags:    
News Summary - k vijayakumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.