ഒരു മനുഷ്യനിൽ എത്രത്തോളം നന്മ ആവാം? എന്തെല്ലാം പ്രലോഭനം ഉണ്ടായാലും ഒരു മനുഷ്യന് നേരിൽ എത്രത്തോളം ഉറച്ചുനിൽക്കാം? തെൻറ വിശ്വാസങ്ങളുടെ വിശുദ്ധിയിൽ എത്രത്തോളം ഒരാൾക്ക് ആനന്ദാനുഭൂതി ഉണ്ടാകാം? ഇങ്ങനെയുള്ള ചോദ്യങ്ങൾക്കൊക്കെ വാക്കുകൊണ്ട് മറുപടി പറയുന്നതിനേക്കാൾ എളുപ്പമായത് സിദ്ദീഖ് ഹസൻ സായ്വിനെ പോലുള്ള ഒരാളെ ചൂണ്ടിക്കാണിച്ചു കൊടുക്കുകയാണ്. ലോകത്ത് ഇങ്ങനെ അധികംപേർ ഉണ്ടാകാറില്ല. അതുകൊണ്ടുതന്നെ ഇങ്ങനെ ഒരാൾ നമ്മെ വിട്ടുപോകുമ്പോൾ വല്ലാത്ത നഷ്ടം അനുഭവപ്പെടുന്നു.
നിവൃത്തിയില്ല എന്നറിയാം. അദ്ദേഹത്തിന് സർവശക്തൻ വിശ്രമം അനുവദിച്ചിരിക്കുന്നു. അന്യൂനമായ പരമശാന്തി അദ്ദേഹത്തിന് അർഹതപ്പെട്ടതുതന്നെ. അതേപ്പറ്റി സങ്കടപ്പെടരുത് എന്നാണ് പഴയ ആളുകൾ പറയാറ്. സ്വന്തം ആയുസ്സ് നീളുമ്പോൾ ഉള്ള ഒരു അസൗകര്യം ഇതാണ്; പ്രിയപ്പെട്ടവരുടെ വേർപാട് കണ്ടിരിക്കേണ്ടിവരുന്നു. കൂടുതൽ കൂടുതൽ ഏകാന്തത അനുഭവപ്പെടുന്നു. അന്തി കനക്കുംതോറും ഒപ്പം നടന്നവർ ഓരോരുത്തരായി ഇല്ലാതായിത്തീരുകയാണല്ലോ.
ഒരു ചെറിയ ലേഖനത്തിൽ പറഞ്ഞുതീർക്കാനാവാത്തതാണ് ഞങ്ങൾ തമ്മിലുള്ള ബന്ധം. മുഴുവൻ ജീവിതകാലത്തോളം ദൈർഘ്യം ഉണ്ടല്ലോ അതിന്. ജീവിതപ്രതിസന്ധികളിൽ ഒക്കെ എെൻറ കൂടെ അദ്ദേഹം ഉണ്ടായി. അമ്മ മരിച്ചപ്പോൾ ആദ്യം ഓടിയെത്തിയത് അദ്ദേഹമാണ്. 'ഞാനല്ലേ ആദ്യമായി ദുഃഖം അറിയിക്കുന്നത്?' എന്ന് എെൻറ സുഹൃത്ത് എൻ.എം. അബ്ദുറഹ്മാൻ കോഴിക്കോട് നിന്ന് വിളിച്ചു ചോദിക്കുമ്പോൾ സിദ്ദീഖ് ഹസൻ സാഹിബ് എെൻറ അരികിൽ അമ്മയുടെ ശരീരത്തിന് കാവലായി ആശുപത്രിയിൽ ഇരിപ്പുണ്ടായിരുന്നു! എെൻറ സങ്കടം ഞാൻ പറയാതെ അറിഞ്ഞ് അദ്ദേഹം കൃത്യസമയത്ത് കോഴിക്കോട്ടുനിന്ന് തിരൂരിൽ ഓടിയെത്തി. അത് അങ്ങനെയാണല്ലോ. ആത്മാർഥമായ സ്നേഹബന്ധമുള്ളവർ തമ്മിൽ ദുഃഖങ്ങൾ പറഞ്ഞ് അറിയിക്കേണ്ടിവരാറില്ല.
അദ്ദേഹത്തിൽനിന്ന് ഞാൻ പലതും പഠിച്ചു. തനിക്കു ശരിയെന്നു തോന്നുന്നതിൽ ഉറച്ചുനിൽക്കാനുള്ള തേൻറടം തന്നെയാണ് ആദ്യത്തേത്. ആ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല. താങ്കൾ പറയുന്നത് എന്നെ ബോധ്യപ്പെടുത്തിത്തരൂ എന്നായിരുന്നു ആ മനീഷിയുടെ നറുചിരിയോടെയുള്ള വെല്ലുവിളി. വിയോജിപ്പുകൾ ഒരിക്കലും വ്യക്തിപരമായ അനിഷ്ടമായിത്തീരുകയുമില്ല. ആ മെലിഞ്ഞ ശരീരത്തിനകത്തെ മനസ്സിെൻറ ബലം അപാരമായിരുന്നു. ആ ദൃഷ്ടി ഒരു ദാർശനികെൻറയും വാക്കുകൾ ഒരു കവിയുടെയും ആയിരുന്നു. പുതിയ ആശയങ്ങളോട് എപ്പോഴും വലിയ പ്രതിപത്തി അദ്ദേഹം കാണിച്ചു. 'മാധ്യമ'ത്തിെൻറ നവീകരണത്തിലും 'ഗൾഫ് മാധ്യമ'ത്തിെൻറ ആരംഭത്തിലും ഒക്കെ നിയാമകശക്തിയായി നിന്നത് അദ്ദേഹമാണ്.
ചിട്ടകൾ പാലിക്കുന്നതിൽ കർക്കശക്കാരനായിരുന്നു എങ്കിലും സ്നേഹനിധിയായ ഒരു ഗുരുനാഥെൻറ നോട്ടമായിരുന്നു എപ്പോഴും മുഖത്ത്. അപാരമായ അനുതാപവും ആർദ്രതയും. മാപ്പില്ലാത്ത തെറ്റില്ല എന്നായിരുന്നു അദ്ദേഹത്തിെൻറ ദർശനം. മാപ്പില്ലാത്തത് താൻ ഒരാൾക്ക് മാത്രം എന്നുകൂടി അദ്ദേഹം വിശ്വസിച്ചു എന്ന് എനിക്ക് തോന്നുന്നു. തനിക്ക് പറ്റിപ്പോയ ഏതോ ചെറിയ ശ്രദ്ധക്കുറവുകൾ ജീവിതാവസാനംവരെ അദ്ദേഹത്തെ വേദനിപ്പിച്ചുകൊണ്ടിരുന്നു. എനിക്ക് മനസ്സിലായേടത്തോളം അതെല്ലാം നെന്ന ചെറിയ കാര്യങ്ങളായിരുന്നു. പക്ഷേ, തന്നോടു മാത്രം മാപ്പില്ല എന്ന നിലപാടിന് ഒരു മാറ്റവും ഉണ്ടായില്ല.
മതമെന്നത് പ്രസംഗിക്കാനുള്ളതല്ല, പ്രയോഗിച്ചു കാണിക്കാനുള്ളതാണ് എന്ന് അദ്ദേഹം കരുതി. സമത്വത്തിെൻറയും സമാധാനത്തിെൻറയും സന്ദേശം ജീവിതത്തിൽ എങ്ങനെ പകർത്താം എന്ന് ലോകത്തെ ബോധ്യപ്പെടുത്തുക കൂടി ചെയ്തു. 'എെൻറ വിശ്വാസപ്രമാണം വ്യത്യസ്തമാണ്. പക്ഷേ, അതനുസരിച്ച് ജീവിക്കാൻ എനിക്ക് അവകാശമുണ്ട്, എവിടെ ജീവിക്കുമ്പോഴും നന്മ വിളയുന്ന മരത്തിെൻറ പ്രകൃതം ഇതാണ്, ഇത് താങ്കൾക്കും സ്വീകാര്യമല്ലാതിരിക്കാൻ ഒരു ന്യായവുമില്ല, വിശ്വാസം എന്തായാലും മനുഷ്യനായ ഞാൻ താങ്കളുടെ സഹോദരൻ അല്ലാതാകുന്നില്ല' എന്നൊക്കെയുള്ള നിലപാടിലാണ് അദ്ദേഹം നിന്നത്. എനിക്ക് തോന്നുന്നത് നൂറ്റാണ്ടുകൾക്കുമുമ്പ് കടൽ കടന്നുവന്ന ഇസ്ലാംമത പണ്ഡിതന്മാർ സ്വീകരിച്ച നിലപാട് തന്നെയായിരുന്നു ഇത്.
വ്യതിരിക്തതകൾ എത്ര കൂടിയാലും സമവായം ഉപേക്ഷിക്കേണ്ടതില്ല എന്ന അടിസ്ഥാന നിലപാട് ശോഷിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് സമൂഹത്തിെൻറ മനസ്സിൽ കൊടിക്കൂറപോലെ നാട്ടപ്പെടേണ്ട ഒന്നാണ് സിദ്ദീഖ്ഹസൻ സായ്വിെൻറ വീക്ഷണം. അദ്ദേഹത്തെ അറിഞ്ഞിട്ടില്ലാത്തവർക്ക് നമുക്ക് അദ്ദേഹത്തെപ്പറ്റി പറഞ്ഞു കൊടുക്കാം, അദ്ദേഹത്തെ കാണാൻ ഭാഗ്യമില്ലാതെ നാളെ പിറക്കുന്ന കുഞ്ഞുങ്ങൾക്ക് അദ്ദേഹത്തെപ്പറ്റി അറിവു നൽകാം. അദ്ദേഹം ചെയ്തുവെച്ച പണി പൂർത്തിയാക്കാനുള്ള എല്ലാ പരിശ്രമങ്ങളിലും നമുക്ക് മുഴുകുകയും ചെയ്യാം. എത്രയോ പ്രസംഗങ്ങളെക്കാളും അനുസ്മരണ ലേഖനങ്ങളെക്കാളും ഒക്കെ അദ്ദേഹത്തിന് നാം പണിയുന്ന വലിയ സ്മാരകം ഇതായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.