കോഴിക്കോട്: വടകരയിലെ കനത്ത തോൽവിക്കുപിന്നാലെ, തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വലിയ ചർച്ചയായ ‘കാഫിർ സ്ക്രീൻ ഷോട്ടും’ അവസാനം സി.പി.എമ്മിനെ തിരിഞ്ഞുകൊത്തി. എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജക്കെതിരെ യു.ഡി.എഫ് കേന്ദ്രങ്ങൾ നിരന്തരം വർഗീയ പ്രചാരണം നടത്തിയതിന്റെ തെളിവെന്നോണമായിരുന്നു കാഫിർ സ്ക്രീൻ ഷോട്ട് പുറത്തുവന്നത്. സംഭവത്തിൽ സി.പി.എം നൽകിയ കേസിൽ മുൻ എം.എൽ.എയും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവുമായ കെ.കെ. ലതിക ഉൾപ്പെടെയുള്ള നേതാക്കൾ സംശയ നിഴലിലാവുകയും ഇവരെ ചോദ്യം ചെയ്തതായി പൊലീസ് കോടതിയിൽ സത്യവാങ്മൂലം നൽകുകയും ചെയ്തതോടെ വിഷയത്തിൽ പാർട്ടി പ്രതിരോധത്തിലാണ്.
‘എൽ.ഡി.എഫ് സ്ഥാനാർഥിയെ കാഫിറായി ചിത്രീകരിച്ച വർഗീയ ഭ്രാന്തിനെതിരെ നാടൊന്നിക്കുന്നു’ എന്ന തലക്കെട്ടിൽ ആയിരങ്ങളെ അണിനിരത്തി എൽ.ഡി.എഫ് വടകരയിൽ ജനകീയ പ്രതിരോധം ഉൾപ്പെടെ സംഘടിപ്പിച്ചതിനാൽ ‘കാഫിർ സ്ക്രീൻ ഷോട്ടിൽ’ ഇനി പാർട്ടി നേതൃത്വം അണികൾക്ക് വിശദീകരണം നൽകേണ്ടിവരും. പാർട്ടിയിലെ ജനകീയ മുഖമായ കെ.കെ. ശൈലജ 1.14 ലക്ഷം വോട്ടിന് തോറ്റതിനുപിന്നാലെ തന്നെ വ്യാജ വിഡിയോ, കാഫിർ സ്ക്രീൻ ഷോട്ട് അടക്കമുള്ള വിവാദങ്ങൾ തിരിച്ചടിയായെന്ന് പാർട്ടി പ്രവർത്തകരിൽ വലിയൊരു വിഭാഗം കുറ്റപ്പെടുത്തുന്നുണ്ട്. ഇതിനിടെയാണ് കാഫിർ പ്രചാരണത്തിൽ സി.പി.എം ചൂണ്ടിക്കാണിച്ച എം.എസ്.എഫ് ജില്ല സെക്രട്ടറി പി.കെ. മുഹമ്മദ് കാസിം കുറ്റക്കാരനല്ലെന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയത് എന്നതാണ് പ്രധാനം.
സ്ക്രീൻ ഷോട്ടിനെ യു.ഡി.എഫിനും സ്ഥാനാർഥി ഷാഫി പറമ്പിലിനുമെതിരെ വലിയ ആയുധമായാണ് സി.പി.എം പ്രയോഗിച്ചത്. കാസിം നൽകിയ ഹരജിയെ തുടർന്ന് പൊലീസ് ഹൈകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സ്ക്രീൻ ഷോട്ട് ആദ്യം പ്രചരിപ്പിച്ച അമ്പാടിമുക്ക് സഖാക്കൾ -കണ്ണൂർ, പോരാളി ഷാജി എന്നീ ഫേസ് ബുക്ക് പേജുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കണമെന്നും കെ.കെ. ലതിക ഉൾപ്പെടെ 12 പേരെ ചോദ്യം ചെയ്തതായും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പാർട്ടി ചൂണ്ടിക്കാണിച്ചയാൾ പ്രതിയല്ലെന്ന് പൊലീസ് കണ്ടെത്തുകയും സംസ്ഥാന കമ്മിറ്റി അംഗം ഉൾപ്പെടെയുള്ളവർ ചോദ്യമുനയിലും സംശയനിഴലിലുമായതോടെ സി.പി.എം മൗനം പാലിക്കുകയാണ്. ലതികക്കെതിരെ കേസെടുക്കണമെന്ന് മുറവിളിയുയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.