കോഴിക്കോട്: വടകരയിലെ ‘കാഫിർ’ സ്ക്രീൻ ഷോട്ട് വിവാദത്തിൽ മുൻ എം.എൽ.എ കെ.കെ. ലതികയെ സി.പി.എം പിന്തുണച്ചത് സംബന്ധിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട ജില്ല സെക്രട്ടറിക്ക് പൊങ്കാല. ലതികക്കെതിരെ നടക്കുന്ന പ്രചാരണം ചെറുക്കുമെന്ന സി.പി.എം ജില്ല സെക്രട്ടേറിയറ്റിന്റെ വാർത്തക്കുറിപ്പാണ് പി. മോഹനൻ ചൊവ്വാഴ്ച വൈകീട്ടോടെ ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഇതിലാണ് കടുത്ത വിമർശനമുയർന്നത്.
പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവും ജില്ല സെക്രട്ടേറിയറ്റ് അംഗവുമായ കെ.കെ. ലതികക്കെതിരെ ചില മാധ്യമങ്ങളും രാഷ്ടീയ എതിരാളികളും നടത്തുന്ന പ്രചാരണത്തെ ചെറുക്കുമെന്ന പോസ്റ്റിന് താഴെയുള്ള കമന്റ് ബോക്സിൽ നിരവധിപേരാണ് വിമർശനവും പ്രതിഷേധവും രേഖപ്പെടുത്തിയത്.
മുന്നൂറിലേറെയുള്ള പ്രതികരണങ്ങളിൽ ഏറെയും ലതികയെ വിമർശിച്ചുള്ളതാണ്. 75 ലേറെ പേർ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. കാഫിർ സ്ക്രീൻ ഷോട്ട് ലതികക്ക് നൽകിയതാരാണെന്ന് ഭർത്താവായ മോഹനൻ ചോദിച്ചുനോക്കണമെന്നതടക്കമുള്ള കമന്റുകളും ഏറെയുണ്ട്. ലതികക്ക് പിഴവ് പറ്റിയെന്നും സാമൂഹിക വിദ്വേഷമുണ്ടാക്കുന്ന കാര്യങ്ങൾ പ്രചരിപ്പിക്കാൻ പാടില്ലായിരുന്നെന്നും സി.പി.എം ജില്ല കമ്മിറ്റി അംഗം കെ.ടി. കുഞ്ഞിക്കണ്ണൻ ചാനൽ ചർച്ചയിൽ പറഞ്ഞതും പോസ്റ്റുകളായി കമന്റ് ബോക്സിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ പൊലീസ് ഹൈകോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുംവരെ വിവാദ പോസ്റ്റ് ലതിക തന്റെ ഫേസ്ബുക്ക് പേജിൽ നിന്ന് പിൻവലിച്ചിരുന്നില്ല. കേസിൽ ലതികയെ ഉൾപ്പെടെ 12 പേരെ ചോദ്യം ചെയ്തെന്ന് പൊലീസ് അറിയിച്ചതോടെ ഇവരുടെ അറസ്റ്റിനായി കോൺഗ്രസും മുസ്‍ലിം ലീഗും ശക്തമായി രംഗത്തുവന്നിരുന്നു. ഇതിനിടെയാണ്, വർഗീയ പ്രചാരണങ്ങൾക്കെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തുവരണമെന്ന സന്ദേശത്തോടെ സമൂഹത്തെ ജാഗ്രതപ്പെടുത്താനുള്ള സദുദ്ദേശ്യ ഇടപെടലാണ് ലതികയും എൽ.ഡി.എഫും നടത്തിയതെന്ന് പറഞ്ഞുള്ള ജില്ല സെക്രട്ടേറിയറ്റിന്റെ പ്രസ്താവന വന്നത്. അതേസമയം കടുത്ത വിമർശനമുയർന്നതിനുപിന്നാലെ വിവാദ പോസ്റ്റ് പിൻവലിച്ച് ലതിക ഫേസ് ബുക്ക് അക്കൗണ്ട് ലോക്ക് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.