കാക്കനാട്: ഇൻഫോപാർക്കിന് സമീപം ഇടച്ചിറ ഫ്ലാറ്റിലെ കൊലപാതകത്തിൽ അറസ്റ്റിലായ കോഴിക്കോട് സ്വദേശി കെ.കെ. അർഷദിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി എട്ടുദിവസത്തേക്കാണ് വിട്ടുനൽകിയത്. ഇയാളെ സംഭവം നടന്ന ഓക്സോണിയ ഫ്ലാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇവിടെനിന്ന് കൊലക്കുപയോഗിച്ച കത്തിയും രക്തം കഴുകിക്കളയാൻ ഉപയോഗിച്ച ചൂലും പൊലീസ് കണ്ടെടുത്തു. സജീവിനൊപ്പം ഫ്ലാറ്റിൽ താമസിച്ചിരുന്ന ഷിബിലി, അംജദ് എന്നിവരെയും പൊലീസ് ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയിരുന്നു. സജീവിന്റെയും അർഷദിന്റെയും സർട്ടിഫിക്കറ്റുകളും മറ്റ് സാധനങ്ങളും തിരിച്ചറിയാനാണ് ഇവരെ വിളിച്ചുവരുത്തിയത്. രണ്ട് മണിക്കൂറോളമെടുത്താണ് ശനിയാഴ്ചത്തെ തെളിവെടുപ്പ് പൂർത്തിയാക്കിയത്. ഇയാൾ പൊലീസുമായി പൂർണമായി സഹകരിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.
വൻതോതിൽ ലഹരിമരുന്ന് കൈവശംവെച്ചതിന് കാസർകോട് റിമാൻഡിൽ കഴിയവെ പ്രത്യേകം അപേക്ഷ നൽകിയാണ് കൊച്ചിയിലെത്തിച്ചത്. കാക്കനാട് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തശേഷമാണ് പൊലീസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിച്ചത്.
മലപ്പുറം വണ്ടൂർ സ്വദേശിയായ സജീവ് കൃഷ്ണയെ ഇയാൾ കൊലപ്പെടുത്തിയത് ഒറ്റക്കാണെന്നാണ് പ്രാഥമിക ചോദ്യം ചെയ്യലിൽനിന്ന് വ്യക്തമായിട്ടുള്ളത്. വിശദമായ ചോദ്യംചെയ്യലിനുശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ എന്നും തൃക്കാക്കര എ.സി.പി പി.വി. ബേബി പറഞ്ഞു. ലഹരി ഇടപാടിനെ ചൊല്ലിയുള്ള തർക്കമാണ് കൊലക്ക് പിന്നിലെന്ന നിഗമനം ശരിവെക്കുന്നതാണ് വിവരങ്ങൾ. ഇരുവരും തമ്മിൽ ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.