തിരുവനന്തപുരം: നർത്തകിയും കേരള കലാമണ്ഡലം കല്പിത സർവകലാശാല ചാൻസലറുമായ മല്ലിക സാരാഭായ് ശമ്പളവും അർഹമായ ആനുകൂല്യങ്ങളും അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാറിന് കത്ത് നൽകി. അപേക്ഷ അംഗീകരിച്ചാൽ പ്രതിമാസം ഏതാണ്ട് മൂന്നുലക്ഷം രൂപ നൽകണം. നിലവിൽ, യാത്രാബത്തയടക്കമുള്ള ചെലവുകൾ സർവകലാശാല വഹിക്കുന്നുണ്ട്.
2022 ഡിസംബറിലാണ് സാരാഭായിയെ ചാൻസലറായി നിയമിച്ചത്. സമൂഹ പരിവർത്തനത്തിന് കലയെയും സാഹിത്യത്തെയും പ്രയോജനപ്പെടുത്തണമെന്ന കാഴ്ചപ്പാടുള്ള കലാകാരിയാണ് മല്ലിക സാരാഭായിയെന്ന് അന്ന് പ്രോ-ചാൻസലറായ സാംസ്കാരിക മന്ത്രി വി.എൻ. വാസവൻ പറഞ്ഞിരുന്നു. 2006 മുതൽ ഗവർണറായിരുന്നു ചാൻസലർ. പിന്നീട്, പ്രത്യേക ഉത്തരവിലൂടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ സര്‍ക്കാര്‍ നീക്കിയിരുന്നു.
ചാന്‍സലറുടെ നിയമനകാര്യം കല്പിത സര്‍വകലാശാലയുടെ സ്പോൺസറിങ് ഏജൻസിക്ക് തീരുമാനമെടുക്കാമെന്നാണ് യു.ജി.സി വ്യവസ്ഥ. സംസ്ഥാന സർക്കാറാണ് ഈ ഏജൻസി. നിയമനം മൂലം സർക്കാറിന് പ്രത്യേക സാമ്പത്തിക ബാധ്യതകളുണ്ടാകില്ലെന്ന് പറഞ്ഞിരുന്നെങ്കിലും അനിശ്ചിതത്വം തുടരുകയാണ്.
കേരള കലാമണ്ഡലത്തെ സാംസ്കാരിക സർവകലാശാലയാക്കി മാറ്റാൻ ആലോചനയുണ്ട്. അപ്പോഴും മല്ലിക തുടർന്നേക്കും. എന്നാൽ, ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കാൻ സംസ്ഥാന സർക്കാറിന് അധികാരം നൽകുന്ന ബില്ലിൽ ഗവർണർ ഇതുവരെ ഒപ്പിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.